ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്ക്കാരം പദ്മ ഭൂഷൺ ഗുരു കുമുദിനി ലാഖിയക്ക്
ഇന്ത്യയുടെ നടന കലകളുടെ വളർച്ചയ്ക്ക് ജീവിതമർപ്പിച്ച മഹാപ്രതിഭകൾക്ക് കേരളം നൽകുന്ന രാജ്യത്തെ ഏറ്റവും ഉന്നതമായ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്ക്കാരം 2021 കഥക് നർത്തകി പദ്മ ഭൂഷൺ കുമുദിനി ലാഖിയയ്ക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു . കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടന ഗ്രാമം ആണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയത് .
ദേശീയ തലത്തിൽ അംഗീകരിച്ചിട്ടുള്ള ഒമ്പത് നൃത്ത കലകളിലെ പ്രമുഖരടങ്ങുന്ന 30 പ്രതിഭകളുടെ നാമ നിർദ്ദേശങ്ങൾ നാട്യ ശാസ്ത്ര വിശാരധനും കൂടിയാട്ടം ഗുരുവുമായ ശ്രീ വേണു ജി ചെയർമാനായി രൂപീകരിച്ച ദേശീയ വിദഗ്ധ സമിതിക്ക് സമർപ്പിച്ചിരുന്നു. സംഗീത നാടക അക്കാഡമിയുടെ പ്രതിനിധിയായ ഡോ ഏറ്റുമാനൂർ പി കണ്ണൻ, ഗുരു ഗോപിനാഥ് നടന ഗ്രാമം സെക്രട്ടറി ശ്രീമതി ശബ്ന ശശിധരൻ , പ്രൊഫ .മാർഗി മധു ചാക്യാർ , ഡോ രാജശ്രീ വാരിയർ ,ഡോ നീന പ്രസാദ്, ശ്രീമതി ഉഷ രാജ വാരിയർ , പ്രൊഫ .ആർ നന്ദ കുമാർ , എന്നിവർ അടങ്ങിയ വിദഗ്ധ സമിതി 10 പ്രതിഭകളുടെ ചുരുക്ക പട്ടിക പുരസ്‌ക്കാര നിർണ്ണയ സമിതിക്ക് കൈമാറി
ഇതിൽ നിന്നും ഇന്ത്യൻ ശാസ്ത്രീയ നൃത്ത പ്രതിഭയായ ഡോ കമാലിനി ദത് അധ്യക്ഷയായ പുരസ്‌ക്കാര സമിതിയാണ് 92 വയസ്സുകാരിയായ കഥക് നർത്തകി ശ്രീമതി കുമുദിനി ലാഖീയയെ 2021 ലെ അവാർഡ് ജേതാവായി പ്രഖ്യാപിച്ചത്.
1930 മെയ് 17 എം തീയതി ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച പദമാ ഭൂഷൺ ഗുരു കുമുദിനി ലാഖീയ കഥക് നൃത്തത്തിന്റെ അടവുകളെയും അഭിനയ തന്ത്രങ്ങളെയും കുറിച്ച് ഗഹനമായ ഗവേഷണം നടത്തി . ഈ നാട്യ ഗുരു തന്റെ നൂതന ശൈലിയിലൂടെ കഥക് നൃത്തത്തെ സമൂഹ നൃത്ത ശീലുകളിൽ അവതരിപ്പിച്ചു ശ്രദ്ധേയയായി .
മൂന്ന് ലക്ഷം രൂപ , കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശിൽപം പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് ഗുരു ഗോപിനാഥ് ദേശിയ നാട്യ പുരസ്ക്കാരം
                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                






