ഡിലന്റെ കലാസൃഷ്ടികളുടെ ശേഖരം അമേരിക്കയില്‍ 'റിട്രോസ്പെക്ട്രം' നവംബര്‍ മുതല്‍
അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന്റെ കലാസൃഷ്ടികളുടെ ഏറ്റവും വലിയ ശേഖരം ഈ വര്‍ഷം യുഎസില്‍ പ്രദര്‍ശിപ്പിക്കും. 'റിട്രോസ്പെക്ട്രം' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനത്തില്‍ ആറ് പതിറ്റാണ്ടോളം ദൈര്‍ഘ്യമുള്ള ഡിലന്റെ കലകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡിലന്റെ 120 ലധികം പെയിന്റിംഗുകള്‍, ഡ്രോയിംഗുകള്‍, ശില്‍പങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
2019 ല്‍ ചൈനയിലെ ഷാങ്ഹായില്‍ നടന്ന യഥാര്‍ത്ഥ റിട്രോസ്‌പെക്ട്രം എക്‌സിബിഷനിലെ ശേഖരങ്ങളാണ് അമേരിക്കയിലും പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഇത് വരെ പ്രദര്‍ശനത്തിന് എത്താത്തവയും ഇക്കൂട്ടത്തിലുണ്ടായേക്കുമെന്നും സൂചനയുണ്ട്.
ഈ വര്‍ഷം നവംബര്‍ 30 ന് മിയാമിയില്‍ പട്രീഷ്യ & ഫിലിപ്പ് ഫ്രോസ്റ്റ് ആര്‍ട്ട് മ്യൂസിയത്തില്‍ റെട്രോസ്‌പെക്ട്രത്തിന് തുടക്കമാകുകയും 2022 ഏപ്രില്‍ 17 വരെ അത് തുടരുകയും ചെയ്യും. അമേരിക്കയുമായി ബന്ധപ്പെട്ട ഒട്ടേറെ സൃഷ്ടികള്‍ പ്രദര്‍ശനത്തിലുണ്ടാകുമെന്നും സൂചനയുണ്ട്. ലോകമെമ്പാടും ആരാധകരുള്ള കലാകാരനാണ് അമേരിക്കന്‍ ഗായകനും ഗാനരചയിതാവും എഴുത്തുകാരനും, ദൃശ്യകലാകാരനുമായ ബോബ് ഡിലന്‍.