'അങ്കിള്‍ നീല്‍' ഇനി ഓര്മ; വിശ്വസിക്കാനാകാത ഗായകസംഘം
ഷില്ലോംഗ് ആസ്ഥാനമായുള്ള പിയാനിസ്റ്റ് നീല്‍ നോങ്കിന്റിഹ് മുംബൈയില്‍ അന്തരിച്ചു. ഷില്ലോങ്ങില്‍ നിന്നുള്ള ഒരു കൂട്ടം സംഗീതജ്ഞരെ ലോകോത്തര, മള്‍ട്ടി-ജെനര്‍ ഗായകസംഘമാക്കി മാറ്റിയ സംഗീതജ്ഞനാണ് ഇദ്ദേഹം. ഷില്ലോംഗ് ചേംബര്‍ ഓര്‍ക്കസ്ട്രയുടെ സ്ഥാപകനും ഉപദേശകനുമായ നോങ്കിന്റിഹിനെ അള്‍സര്‍ വഷളായതിനെത്തുടര്‍ന്ന് മുംബൈയിലെ റിലയന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 51 വയസ്സായിരുന്നു.
അങ്കിള്‍ നീല്‍ എന്ന് സ്നേഹപൂര്‍വ്വം അഭിസംബോധന ചെയ്യപ്പെടുന്ന നോങ്കിന്റിഹ് തന്റെ ഗായകസംഘത്തോടൊപ്പം, വരാനിരിക്കുന്ന 'ആത്മീയ ആല്‍ബം' റെക്കോര്‍ഡുചെയ്യാന്‍ മുംബൈയില്‍ ഉണ്ടായിരുന്നു. ഈ ആല്‍ബം നീല്‍ അങ്കിളിന്റെ സ്വപ്നമായിരുന്നെന്ന് കൂടെയുള്ളവര്‍ പറഞ്ഞു.
ഷില്ലോങ്ങില്‍ വളര്‍ന്ന നോങ്കിന്റിഹ് മൊസാര്‍ട്ടിന്റെയും ബീഥോവന്റെയും സിംഫണികള്‍ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ പ്രായം ചെന്ന ആന്റിയില്‍ നിന്നായിരുന്നു. ഒപ്പം സഹോദരിയും ജാസ് സംഗീതജ്ഞനുമായ പോളിന്‍ നോങ്കിന്റിയില്‍ നിന്ന് സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള ധാരണയും അദ്ദേഹം നേടി. ട്രിനിറ്റി കോളേജിലും ഗില്‍ഡ്ഹാള്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കിലും നിന്ന് സംഗീതം പഠിക്കാന്‍ അദ്ദേഹം പിന്നീട് ലണ്ടനിലെത്തി. 2001-ല്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് യൂറോപ്പില്‍ ഒരു കച്ചേരി പിയാനിസ്റ്റായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. സംഗീതം പഠിപ്പിക്കുന്നതിനായി വീട്ടില്‍ ഒരു ചെറിയ സ്‌കൂളും നീല്‍ തുടങ്ങിയിരുന്നു. പിന്നാലെ ഷില്ലോംഗ് ചേംബര്‍ ക്വയര്‍ സ്ഥാപിച്ചു.
2010-ലെ വേള്‍ഡ് ക്വയര്‍ ഗെയിംസില്‍ ഇന്ത്യയുടെ ഗോട്ട് ടാലന്റ് നേടിയതിന് ശേഷമാണ് ഗായകസംഘം ശ്രദ്ധ നേടിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഭവനില്‍ ഗാനമേള നടത്താനും ഈ ഗായകസംഘം തിരഞ്ഞെടുക്കപ്പെട്ടു. അവതരണത്തിലെ വൈവിധ്യമാണ് നീലിന്റെ ഗായകസംഘത്തെ പ്രശസ്തമാക്കിയത്.