അടച്ചുപൂട്ടലും കോവിഡും ബാധകമല്ല പെട്രോള്‍ ഡീസല്‍ വില കൂടി
ഒരിടവേളക്ക് ശേഷം ഇന്ധനവിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ്. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 25 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 26 പൈസയും കൂടിയിട്ടുണ്ട്. കോവിഡ് വ്യാപനവും ലോക്ക്ഡൗണും ജനങ്ങളെ ദുരിതത്തിലാക്കുന്നതിനിടെയാണ് ഇന്ധനവില കുതിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ദ്ധന നിര്‍ത്തിവച്ചിരുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എണ്ണക്കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിത്തുടങ്ങി.
മെയ് നാല് മുതലാണ് രാജ്യത്ത് വീണ്ടും ഇന്ധനവില മാറിത്തുടങ്ങിയത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന ശേഷം ഇത് ഏഴാം തവണയാണ് വില വ്യത്യാസപ്പെടുന്നത്. ഓരോ ദിവസവും നിരക്ക് കൂടുകയാണിപ്പോള്‍. അമേരിക്കയില്‍ എണ്ണ ആവശ്യകത വര്‍ധിച്ചതും രൂപയുമായുള്ള വിനിമയത്തില്‍ ഡോളര്‍ ദുര്‍ബലമായതും കാരണം ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അന്താരാഷ്ട്രവിപണിയിലെ എണ്ണ ആവശ്യകതയും ഡോളറിന്റെ മൂല്യവുമാണ് എണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങള്‍.
                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                






