Latest Updates

തങ്ങളുടെ പുതിയ സുരക്ഷാ ഫീച്ചറായ ലോക്ഡൗണ്‍ മോഡ് (Lockdownmode) തകര്‍ക്കുന്ന ഹാക്കര്‍മാര്‍ക്ക് 20 ലക്ഷം ഡോളര്‍ വരെയുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ആപ്പിൾ (Apple). ഉന്നത വ്യക്തികള്‍ക്ക് അടക്കം അതീവ സുരക്ഷ നല്‍കാനായി തയാറാക്കിയ ലോക്ഡൗണ്‍ മോഡ് ഐഒഎസ് 16 ല്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. തങ്ങളാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ മൊബൈല്‍ ഉപകരണം നിര്‍മിക്കുന്നതെന്ന് ആപ്പിളിന്റെ സെക്യൂരിറ്റി എൻജിനീയറിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവി ഇവാന്‍ ക്രസ്റ്റിക് അവകാശപ്പെട്ടതായി ഫോര്‍ബ്‌സ് പറയുന്നു. ലോക്ഡൗണ്‍ മോഡ് ഒരു കമ്പനിയും മുമ്പു ലഭ്യമാക്കിയിട്ടില്ലാത്ത തരത്തിലുള്ള കരുത്തുറ്റ സുരക്ഷാ സംവിധാനമായിരിക്കുമെന്ന് ഇവാന്‍ പറഞ്ഞു.

പുതിയ ഫീച്ചര്‍ തങ്ങളുടെ ഉപയോക്താക്കളോട് കമ്പനിക്കുളള പ്രതിജ്ഞാബദ്ധതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എംഎസിലെ ലിങ്ക് പ്രിവ്യൂകള്‍ പ്രദര്‍ശിപ്പിക്കില്ല, ചിത്രങ്ങള്‍ ഒഴികെയുള്ള അറ്റാച്ച്‌മെന്റുകള്‍ ബ്ലോക്ക് ചെയ്യും, ചില ജാവാസ്‌ക്രിപ്റ്റ് ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കും (തനിക്ക് വിശ്വാസമുള്ള വെബ്‌സൈറ്റാണെന്ന് ഉപയോക്താവ് പറഞ്ഞാല്‍ പ്രവര്‍ത്തിപ്പിക്കും), ഫെയ്‌സ്‌ടൈമില്‍ അറിയില്ലാത്ത നമ്പറില്‍ നിന്നുള്ള കോളുകള്‍ തടയും, ഫോണ്‍ ലോക് ചെയ്തിരിക്കുമ്പോള്‍ വയേഡ് കണക്‌ഷനുകള്‍ ഫോണ്‍ സ്വീകരിക്കില്ല, ഒരു കോണ്‍ഫിഗറേഷന്‍ പ്രൊഫൈലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കില്ല തുടങ്ങിയ കാര്യങ്ങളാണ് ലോക്ഡൗണ്‍ മോഡിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ദശലക്ഷം ഡോളര്‍ സമ്മാനമായി നല്‍കുന്നതിനു പുറമേ, എന്‍എസ്ഒ ഗ്രൂപ്പ് പോലെ, ഹാക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന സംഘടനകള്‍ക്കായി 10 ദശലക്ഷം ഡോളറും ആപ്പിള്‍ നല്‍കും. ഈ തുക ഫോര്‍ഡ് ഫൗണ്ടേഷന്റെ ഡിഗ്‍നിറ്റി ആന്‍ഡ് ജസ്റ്റിസ് ഫണ്ടിലായിരിക്കും ഇടുക.

Get Newsletter

Advertisement

PREVIOUS Choice