ശബ്ദം നഷ്ടപ്പെട്ടാൽ നിങ്ങൾ എന്തു ചെയ്യും; നവ്യ എഴുതുന്നു, ശബ്ദമില്ലാത്ത കാലത്തെക്കുറിച്ച്
ഒരു ദിവസം നേരം വെളുക്കുമ്പോൾ നിങ്ങളുടെ ശബ്ദം നഷ്ടപ്പെട്ടാൽ നിങ്ങൾ എന്തു ചെയ്യും... ഈ ചോദ്യത്തിന് ഉത്തരം പല തരത്തിൽ ആയിരിക്കും. ചിലർ ഭയക്കും. ചിലർ സങ്കടപ്പെടും. മറ്റു ചിലർ നിരാശരാകും... എന്നാൽ നവ്യ ഭാസ്‌കർ എന്ന കൊച്ചു മിടുക്കി തന്റെ ശബ്ദമില്ലാത്ത കാലത്തെക്കുറിച്ച് പുസ്തകമെഴുതുകയാണ് ചെയ്തത്. 'ദി ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മൈ വോയ്സ്' എന്ന തന്റെ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നവ്യ.
കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശി ഡോ ഭാസ്കരന്റെയും ഡോ വന്ദനയുടെയും രണ്ടാമത്തെ മകളാണ് നവ്യ ഭാസ്‌കർ എന്ന 15കാരി. നന്നേ ചെറുപ്പം മുതലേ സംഗീതത്തിൽ താത്പര്യം കാണിച്ച നവ്യക്ക് ചെറുപ്പത്തിലേ കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും ശാസ്ത്രീയമായി അഭ്യസിക്കാനുള്ള സൗകര്യം രക്ഷിതാക്കൾ ചെയ്തുകൊടുത്തിരുന്നു. 15 വയസിനുള്ളിൽ തന്നെ നവ്യ സ്വന്തമായി സംഗീത ആൽബങ്ങൾ പുറത്തിറക്കി. 2019ലെ യുഎഇ മ്യൂസിക് റിയാലിറ്റി ഷോയിൽ നവ്യ ചാംപ്യനായി. ഇതേ വർഷം തന്നെ അമേരിക്കയിൽ നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ലോകത്തെയാകെ കൊറോണ പിടികൂടിയ കെട്ട കാലത്താണ് മറ്റൊരു ദുരന്തം നവ്യയെ തേടിയെത്തിയത്. ഒരു ദിവസം നേരം പുലർന്നപ്പോൾ നവ്യയുടെ സംസാര ശേഷി നഷ്ടപ്പെട്ടു. വോക്കൽ കോഡിനെ ബാധിക്കുന്ന ഒരു തരം ഇൻഫെക്ഷൻ ആയിരുന്നു നവ്യയെ ബാധിച്ചത്. ഏകദേശം എട്ട് മാസത്തോളം നവ്യ ശബ്ദമില്ലാതെ ജീവിച്ചു. നിരാശയായിരിക്കാൻ നവ്യ തയ്യാറല്ലായിരുന്നു. കൃത്യമായ ചികിത്സയിലൂടെ സംസാരശേഷി തിരിച്ചുകിട്ടിയ നവ്യ സംഗീതലോകത്ത് വീണ്ടും സജീവമായി.
നവ്യയുടെ അധ്യാപകരാണ് ശബ്ദമില്ലാത്ത കാലത്തെ അനുഭവങ്ങൾ പുസ്തകമാക്കാം എന്ന ആശയം മുന്നോട്ടുവെച്ചതും പ്രോത്സാഹിപ്പിച്ചതും. നവ്യ വിവരിച്ചു കൊടുക്കുന്ന അനുഭവങ്ങൾ പുസ്തക രൂപത്തിൽ ആക്കിയതും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ്. സ്വപ്നത്തിൽ അടക്കം പാട്ടുപാടാൻ ആഗ്രഹിച്ചിരുന്ന ഒരു പെണ്കുട്ടിക്ക് ശബ്ദം ഇല്ലാതാകുന്നതും പിന്നീട് ശബ്ദം തിരിച്ചു കിട്ടുന്നതും അവൾ സംഗീതത്തിന്റെ സ്വപ്നസമായ ലോകത്തേക്ക് തിരിച്ചെത്തുന്നതുമാണ് ചിത്രങ്ങളുടെ അകമ്പടിയോടെ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള പുസ്തകത്തിന്റെ ഇതിവൃത്തം.
രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽവച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവ്യയുടെ പുസ്തകം ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ഗവർണർക്ക് വേണ്ടി പുതുവത്സര സമ്മാനമായി നവ്യ പാട്ടുകൾ പാടി. സംഗീതത്തിലും എഴുത്തിലും കഴിവ് തെളിയിക്കുന്ന നവ്യയുടെ 'കോവിഡ് 19' എന്ന കവിത യൂനിസെഫിന്റെ വോയ്സ് ഓഫ് യൂത്ത് എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരത്ത് ആർകെഡി എൻഎസ്എസ് ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് നവ്യയിപ്പോൾ...