ലൂസിയുടെ കഥ ബ്രജീത്തയുടെയും -മാറ്റാത്തി
സാറാ ജോസഫിൻ്റെ മാറ്റാത്തി വായിച്ചു. ഏതാണ്ട് 50 വർഷം മുന്നേയുള്ള ഗ്രാമീണത തുളുമ്പി നിൽക്കുന്ന പശ്ചാത്തലം .നാടൻ രീതികളും തനി നാടൻ സംസാരശൈലിയും കൊണ്ട് സമ്പുഷ്ടമായ അവതരണ ശൈലി. തൃശൂർ ഭാഷയുടെ നിഷ്ക്കളങ്കമായ ശൈലിയും എഴുത്തും .ഇത് നോവലിന് ഒരു മുതൽക്കൂട്ടാണ്.
ബ്രജീത്ത എന്ന ധനികയായ ക്രിസ്ത്യൻ വയോധിക. അവരെ എളേ മ്മയെന്ന് വിളിച്ചു കൊണ്ട് അവരുടെ നിഴലായി ലൂസിയെന്ന കഥാപാത്രം. ജീവിതത്തിൻ്റെ ഒഴുക്കിൽ എന്നും വിഴുപ്പലക്കി ജീവിതം കൊണ്ടു പോകുന്ന ചെറോണയുടെ പിൻഗാമിയെന്ന പോലെ ലൂസി കഥാവസാനം മാറുമ്പോൾ ഒരു വിഷാദം ഉടലെടുക്കുന്നു.
ചിലപ്പോഴൊക്കെ ഇത് ബ്രജീത്തയുടെ ജീവിത കഥയാണെന്നും തോന്നാം. ഓരോ വിവരണത്തിലൂടെയും ജീവിതം മുന്നിൽ കാണുന്ന പോലെ. ലൂസിയുടെ വളർച്ചയും കാഴ്ചകളും സങ്കടങ്ങളും വികാരങ്ങളും വിചാരങ്ങളും ആകുലതകളും ചേർന്ന നോവൽ. നിസ്വാർത്ഥ ജീവിതം എന്തെന്നു വരച്ചുകാണിക്കുന്ന കൃതി. കണ്ണുകൾ ഈറനണിഞ്ഞു പോകുന്ന അവതരണം....
ഇതൊക്കെയാണ് 'മാറ്റാത്തി 'യിൽ കണ്ടത്
അനിൽ ഞാളുമഠം.