'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'
എന്തായിരിക്കും ഈ പുസ്തകത്തിന് മാത്രം ഇത്ര പ്രത്യേകത എന്നാലോചിച്ച് വായന തുടങ്ങി. തീർന്നപ്പോൾ ഇതിൽ നിറയെ പറഞ്ഞാലും ... പറഞ്ഞാലും തീരാത്ത പ്രത്യേകതകൾ നിറഞ്ഞു കിടപ്പുണ്ടെന്നു തോന്നി. ആര്‍ രാജശ്രിയാണ് എഴുത്തുകാരി. തന്റെ ഫേസ്ബുക്ക പേജിലൂടെയാണ് രാജശ്രീ ഈ കഥ പറഞ്ഞു തുടങ്ങിയത്. തുടര്‍ച്ചയായി പറഞ്ഞ കഥ പിന്നീട് മാതൃഭൂമി ബുക്‌സ് പ്രകാശനം ചെയ്തു. പ്രകാശനത്തിന് മുമ്പ് നോവലിന്റെ ആദ്യപതിപ്പ് മുഴുവനും വിറ്റു തീര്‍ന്നു എന്നത് ഈ നോവലിനെ ആസ്വാദകര്‍ എങ്ങനെ സ്വീകരിച്ചു എന്നതിന്റെ തെളിവായി
ഈ പുസ്തകത്തെ സ്ത്രീയെന്നു വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. സ്ത്രീജീവിതങ്ങളിലെ പല ഘട്ടങ്ങളിലേയും അനുഭവങ്ങൾ അങ്ങേയറ്റം ആഴത്തിൽ അക്ഷരങ്ങളിലൂടെ തുറന്നു വച്ചിരിക്കുന്നു... ഇത് കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സത്രീകളുടെ കത.
അടുക്കളയിലേക്കാൾ പുറത്തെ പണി ഇഷ്ടപ്പെടുന്ന കല്യാണിയുടെ കത. സ്വയം അധ്വാനിച്ച് പണമുണ്ടാക്കാൻ ആഗ്രഹിക്കുന്ന പശുക്കളെ സ്നേഹിക്കുന്ന ദാക്ഷായണിയുടെ കത. രണ്ടു പേരും സമൂഹത്തിനും ആചാരങ്ങൾക്കും മീതെ തൻ്റെ സ്ഥാനം ഉറപ്പിക്കുന്നു. ഇതിൽ വരുന്ന ഓരോ കഥാപാത്രത്തിനും അവരുടേതായ സ്ഥാനം ഉറപ്പിക്കുന്ന കതയുണ്ട്. അതിൽ അവരുടേതായ ശരികളുണ്ട്. തൻ്റെ ശരികളിൽ അത് മറ്റുള്ളവർക്ക് തെറ്റായി തോന്നിയാൽപ്പോലും പിൻതിരിയാതെ ഉറച്ചു നിന്ന് ജീവിക്കുന്നവരെപ്പറ്റിയുള്ള ഒരു പെണ്ണെഴുത്ത് ആയതു കൊണ്ട് തന്നെ മറ്റുള്ള സ്ത്രീപക്ഷ നോവലുകളിൽ നിന്നും ഇത് മുന്നിട്ടും വേറിട്ടും നിൽക്കുന്നു.
നോവലിൻ്റെ എടുത്തു പറയേണ്ട സവിശേഷത ആഖ്യാനശൈലി തന്നെയാണ്.ഇതിൽ ഉടനീളം വരുന്ന കണ്ണൂർ ഭാഷാശൈലി തുടക്കത്തിൽ വായനയെ ബുദ്ധിമുട്ടിച്ചെങ്കിലും തെക്കും വടക്കും കുട്ടിച്ചേർത്ത് നമുക്ക് സമ്മാനിച്ചപ്പോൾ അതിലെ നർമ്മങ്ങൾ പലരുടെയും ഉള്ളറകളിലേക്ക് ചെന്നടിക്കാൻ പാകത്തിനുള്ള ചാട്ടവാറുകൾ കൂടിയായിരുന്നു.
സത്യത്തിൽ, കല്യാണി ചൂലുകൊണ്ട് വരച്ചിട്ട അടുക്കും ചിട്ടയുമില്ലാത്ത വഴികളിലൂടെ നടന്ന് പിന്നീടെപ്പോഴോ ജീവിതമെന്ന അത്രയൊന്നും മധുരമല്ലാത്ത കയങ്ങളിൽ മുങ്ങിയും പൊങ്ങിയും തെക്കരെന്നോ, വടക്കരെന്നോ സ്വയംചാർത്തപ്പെട്ട മേൽവിലാസത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് നാം.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും , നൊമ്പരപ്പെടുത്തുകയും ചെയ്ത ഒരു മനോഹര വായനാനുഭവം.
ഷാനി