ആയുസിന്ർറെ നേർക്കാഴ്ച്ചയായി ആയുസിന്ർറെ പുസ്തകം
' ആയുസ്സിൻ്റെ പുസ്തകം' എന്ന പേര് തന്നെ കാണുമ്പോൾ ഏതൊരാൾക്കും അതിലേക്കൊന്ന് ശ്രദ്ധിക്കാൻ തോന്നും. ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ഒരാൾ .അദ്ദേഹത്തിൻ്റെ എഴുത്തും ഭാഷയും നമ്മെ തീർത്തും വിസ്മയിപ്പിക്കുന്നതാണ്. ഓരോ വരികളിലും എഴുത്തുകാരൻ്റെ സാന്നിധ്യം നമുക്ക് അനുഭവപ്പെടുന്നതായ് തോന്നും. വളരെ കുറഞ്ഞ എഴുത്തുകാർക്കേ അതിന് കഴിവുള്ളു. അതിലൊരാളാണ് സി.വി.ബാലകൃഷ്ണൻ .
തലസ്ഥാന നഗരിയിലെ റീജിണൽ കാൻസർ സെൻ്ററിലെ വാർഡിൽ കിടന്ന് അർബുദ രോഗിയായ ഒരു യുവാവ് അവസാന നാളുകളിൽ വായിച്ചിരുന്നത് 'ആയുസ്സിൻ്റെ പുസ്തകം' ആണെന്നും അത് നെഞ്ചോട് ചേർത്ത് പിടിച്ചാണ് അവൻ എന്നേക്കുമായി കണ്ണടച്ചതെന്നും അറിയുന്ന കഥാകാരൻ ... കഥയല്ലാത്ത ഈ യഥാർത്ഥ വിവരണം ഏതൊരാൾക്കും നൊമ്പരമുണർത്തും.
തിരുവിതാംകൂറിൽ നിന്നും കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും മലബാറിലേക്ക് കുടിയേറിയ ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ കഥ ആദ്യമായല്ല മലയാള സാഹിത്യത്തിൽ വരുന്നത്. പക്ഷേ ഈ പുസ്തകം വ്യത്യസ്തമാകുന്നത് ജനതയുടേയും ഗ്രാമത്തിൻ്റെയും മാത്രം കഥ പറഞ്ഞു പോകാതെ ഓരോ കഥാപാത്രത്തിൻ്റെയും ഉള്ളറിഞ്ഞ് വികാരവിചാരങ്ങളറിഞ്ഞുള്ള എഴുത്തുകൊണ്ടാണ്. പല മനുഷ്യരുടെയും ജീവിതങ്ങളും വ്യഥകളും ആത്മ സംഘർഷങ്ങളും ഒറ്റപ്പെടലിൻ്റെ വേദനകളും സ്നേഹവും പ്രണയഭംഗവും പകയും വിദ്വേഷവും എല്ലാം കൂടിച്ചേർന്ന് ഒരു മനുഷ്യായുസ്സിൻ്റെ നേർക്കാഴ്ച തന്നെയാണ് ഈ നോവൽ.
1984 പ്രസിദ്ധീകരിച്ച ഈ പുസ്തകം 40 ആണ്ടുകളിലേക്കെത്തുമ്പോഴും ഇന്നും ഈ പുസ്തകം വായിക്കപ്പെടുന്നത് ഇത് തീർക്കുന്ന വിസ്മയത്തിലൂടെയാണ്. വായനയിൽ മടുപ്പിക്കാതെ നല്ല ഒഴുക്കോടെ ഒരു പുഴ പോലെ ഒഴുകുകയായിരുന്നത്. ആയുസ്സിൻ്റെ പുസ്തകം എന്ന പേര് പോലെ തന്നെ പല തലമുറകളിലൂടെ ഇന്നും വായിക്കുന്ന നിത്യവിസ്മയം എന്നു തന്നെ വിശേഷിപ്പിക്കട്ടെ.
ഷാനി