ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ കെ. സച്ചിദാനന്ദനും സുനില്‍ പി. ഇളയിടത്തിനും അഡ്വ. പി. അപ്പുക്കുട്ടനും
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ 2020 ലെ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹിക - സാഹിത്യ- സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കായി ഏര്‍പ്പെടുത്തിയ ഐ.വി.ദാസ് പുരസ്‌കാരം കെ. സച്ചിദാനന്ദനും, മികച്ച നിരൂപണ സാഹിത്യ കൃതിക്കുള്ള കടമ്മനിട്ട പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിനും സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവര്‍ത്തകന് നല്‍കുന്ന പി.എന്‍. പണിക്കര്‍ പുരസ്‌കാരം അഡ്വ. പി. അപ്പുക്കുട്ടനും അര്‍ഹരായി. സംസ്ഥാനത്തെ അമ്പത് വര്‍ഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള ഇ.എം.എസ്. പുരസ്‌കാരത്തിന് എറണാകുളം മുളന്തുരുത്തി
പബ്ലിക് ലൈബ്രറി അര്‍ഹരായി. 50,000/-രൂപയും വെങ്കല ശില്‍പവും പ്രശസ്തി
പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള ഡി.സി.
പുരസ്‌കാരത്തിന് കോഴിക്കോട് ഉപാസന വായനശാല, കുഴക്കോട് അര്‍ഹരായി.
ഡി.സി. ബുക്‌സ് ഏര്‍പ്പെടുത്തിയ 50,000/- രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പിന്നോക്ക പ്രദേശത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രന്ഥശാലക്കുള്ള എന്‍. ഇ. ബാലറാം പുരസ്‌കാരം വയനാട് അക്ഷരജേ്യാതി ഗ്രന്ഥാലയം കവനക്കുന്ന്, കരസ്ഥമാക്കി. കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ
15,000/- രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവുമടങ്ങുന്നതാണ്
പുരസ്‌കാരം. സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനത്തിനുള്ള സമാധാനം
പരമേശ്വരന്‍ പുരസ്‌കാരം കണ്ണൂര്‍ വേമ്പു സ്മാരക വായനശാല കരസ്ഥമാക്കി.
എറണാകുളം സി.ഐ.സി.സി ബുക്‌സ് ഏര്‍പ്പെടുത്തിയ 10,001/- രൂപയും പ്രശസ്തി
പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ബാലവേദി കേന്ദ്രത്തിനുള്ള പി. രവീന്ദ്രന്‍
പുരസ്‌കാരത്തിന് കൊല്ലം കുഴിക്കലിടവക പബ്ലിക്ക് ലൈബ്രറി പാങ്ങോട് അര്‍ഹരായി.
പ്രഭാത് ബുക്ക് ഹൗസ് ഏര്‍പ്പെടുത്തിയ 20,000/-രൂപ മുഖവിലയുള്ള പുസ്തകങ്ങളും
പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പരിസ്ഥിതി, ശാസ്ത്ര അവബോധന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള സി.ജി. ശാന്തകുമാര്‍ പുരസ്‌കാരം കണ്ണൂര്‍ സഫ്ദര്‍ ഹശ്മി സ്മാരക ഗ്രന്ഥാലയം കരസ്ഥമാക്കി. ഗ്രീന്‍ ബുക്‌സ് ഏര്‍പ്പെടുത്തിയ 25,000/- രൂപ മുഖവിലയുള്ള
പുസ്തകങ്ങളും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സ്ത്രീ ശാക്തീകരണത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ഗ്രന്ഥശാലയ്ക്കുള്ള നങ്ങേലി പുരസ്‌കാരം
പത്തനംതിട്ട ശബരിഗിരി ലൈബ്രറി & റീഡിംഗ് റൂം അര്‍ഹരായി. സൈന്ധവ ബുക്‌സ്
ഏര്‍പ്പെടുത്തിയ 15,000/-രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവുമടുങ്ങുന്നതാണ് പുരസ്‌കാരം.
കോവിഡ് അതിവ്യാപനം മാറിയ ശേഷം പുരസ്‌കാര സമര്‍പ്പണം നടത്തുന്നതാണെന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍,
സെക്രട്ടറി വി. കെ. മധു, പുരസ്‌കാര സമിതി കണ്‍വീനര്‍ ഡോ. പി.കെ. ഗോപന്‍ എന്നിവര്‍ അറിയിച്ചു.