വിശ്വാസവും യാഥാര്‍ത്ഥ്യവും കലഹിക്കുന്ന അര്‍ദ്ധനാരീശ്വരന്‍
തമിഴ്നാട്ടിലെ തിരുച്ചെങ്കോട്ടു ഗ്രാമവും പരമശിവനെ മാതൊരുപാഗൻ എന്ന പേരിൽ ആരാധിക്കുന്ന ക്ഷേത്രവും അറുപത് - എഴുപത് വർഷങ്ങൾക്ക് മുൻപുള്ള കാലവുമാണ് നോവലിലെ പശ്ചാത്തലം. ഒട്ടേറെ വിവാദങ്ങളിൽപ്പെട്ട മാതൊരുപാകൻ തമിഴ്നാട്ടിൽ നിരോധിക്കുകയും കഥാകാരന് താൻ സ്വയം മരിച്ചെന്ന് പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യവുമുണ്ടായി. ആണും പെണ്ണും ചേർന്നാൽ ദൈവമെന്ന സങ്കൽപ്പം. കുട്ടികളില്ലാത്ത സ്ത്രീകൾ തിരുച്ചെങ്കോട് ഉത്സവത്തിൻ്റെ പതിനാലാം നാൾ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രി ഉത്സവത്തിൽ പങ്കെടുത്താൽ സന്താന സൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസം. ഇവ ഇഴചേർത്തെടുത്ത നോവൽ.
കർഷകനായ കാളിയുടേയും പൊന്നയുടേയും ജീവിതയാത്രയിലൂടെയാണ് കഥ പോകുന്നത്. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടായില്ലെങ്കിൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോവുകയും കഴിവില്ലാത്തവൻ എന്നവഹേളിതനാവുകയും ചെയ്യുന്ന കാലം. കാളിയും പൊന്നയും കുട്ടികളുണ്ടാകാൻ എല്ലാ നാട്ടാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും പുറകെ പോകുന്നു. ഒടുവിൽ മാതാപിതാക്കളുടെ സമ്മർദ്ദത്താൽ തിരുച്ചെങ്കോട് ഉത്സവത്തിൻ്റെ പതിനാലാം നാൾ ഒരു കുട്ടി ഉണ്ടാകുക എന്ന അമിതാഗ്രഹത്താൽ പൊന്നയും മലകയറാൻ എത്തുന്നു. പൊന്നയുടെ സഹോദരൻ മുത്തു കാളിയെ മദ്യസൽക്കാരം നടത്തി മയക്കിക്കിടത്തി ഉത്സവത്തിന് പോകാൻ പൊന്നക്ക് സൗകര്യമൊരുക്കുന്നു.
തിരുച്ചെങ്കോട് എന്ന ഗ്രാമത്തെക്കുറിച്ച് ചരിത്രപരമായ പഠനങ്ങൾ വർഷങ്ങളോളം ഇന്ത്യാ ഫൗണ്ടേഷൻ ഓഫ് ആർട്സിൻ്റെ സഹകരണത്തോടെ നടത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നോവലെന്ന് കഥാകാരൻ പറയുന്നു. സ്വാമി കൊടുത്ത പിള്ളൈ അല്ലെങ്കിൽ സ്വാമിക്കുഴന്തൈ എന്ന പേരിൽ അറിയപ്പെടുന്ന ഒട്ടേറെ ആളുകൾ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ദൈവത്തോടുള്ള പ്രാർത്ഥനയിലും ഉപാസനയിലുമാകാം അവരുണ്ടായത്. പക്ഷെ ക്ഷേത്രോത്സവവും സ്വാമിക്കുഴന്തകളും തമ്മിൽ എന്തോ ബന്ധമുണ്ടെന്നതും പെരുമാൾ മുരുകൻ സൂചിപ്പിക്കുന്നുണ്ട്.
വിശ്വാസത്തിനപ്പുറം അന്യപുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്ന നോവലിലുള്ള സൂചനകളാകാം വിവാദത്തിന്നാധാരം. ലോകമെമ്പാടും എഴുത്തുകാരുടേയും മറ്റ് കലാകാരന്മാരുടേയും തുറന്നു പറച്ചിലുകൾ വൻ കലാപങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. സൽമാൻ റുഷ്ദി, തസ്ലീമ നസ്രീൻ തുടങ്ങിയവർക്ക് മറ്റ് രാജ്യങ്ങളിൽ അഭയം തേടേണ്ടി വന്നിട്ടുണ്ട്. കലാ-സാഹിത്യ രംഗത്തുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കേണ്ടതല്ലേ എന്നൊക്കെ എം.എഫ്. ഹുസൈൻ വിവാദം ഉണ്ടായ സമയത്തൊക്കെ കേട്ടിരുന്നു.
ഭാരതത്തിലെ അതിവിശാലമായ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ദൈവ വിശ്വാസവും ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യത്യസ്തവും കൗതുകകരവും അപ്രായോഗികമെന്നും തോന്നുന്ന ഒട്ടേറെ ആചാരങ്ങളും കീഴ് വഴക്കങ്ങളും നിലനിൽക്കുന്നു. അതിലൊന്നായി മാത്രം മലകയറിയാൽ സന്താനഭാഗ്യം ഉണ്ടാകുമെന്നതിനെ കാണാനാണിഷ്ടം.
അനില്‍ ഞാളുമഠം-