Latest Updates

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിക്കാലത്തേതിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനം ഇന്ന് ആരംഭിക്കുന്നു. എട്ട് ദിവസത്തെ ഈ സന്ദര്‍ശനം ജൂലൈ ഒമ്പതിന് അവസാനിക്കും. ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. സംരക്ഷണം, അപൂര്‍വ മൂലകങ്ങളുടെ ഉല്‍പാദനം, ഭീകരതയ്ക്കെതിരായ പോരാട്ടം തുടങ്ങിയ മേഖലകളില്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം ശക്തിപ്പെടുത്തുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. ലിഥിയം ഉള്‍പ്പെടെ അപൂര്‍വ മൂലകങ്ങളിലെ സഹായത്തിനായി അര്‍ജന്റീനയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യയുടെ ശ്രമം. കൃഷി, ഊര്‍ജം, വാണിജ്യം തുടങ്ങിയ മേഖലയിലും സഹകരണം വളര്‍ത്താനും ഇന്ത്യ താല്‍പര്യപ്പെടുന്നു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 ന് മോദി ഘാനയിലെ അക്രയിലെത്തും. പ്രസിഡന്റ് ജോണ്‍ ദ്രാമനി മഹാമയുമായി ചര്‍ച്ച നടത്തുകയും ഔദ്യോഗിക അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും. നാളെ ഘാനയിലെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങളിലേക്കും മോദി യാത്രതിരിക്കും. സന്ദര്‍ശനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി വിവിധ ധാരണാപത്രങ്ങളിലും ഒപ്പിടും. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.  

Get Newsletter

Advertisement

PREVIOUS Choice