Latest Updates

ന്യൂഡല്‍ഹി: വംശീയ കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറമില്‍ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. മെയ്തി-കുക്കി മേഖലകള്‍ക്ക് പ്രത്യേക സാമ്പത്തികപാക്കേജും പ്രഖ്യാപിക്കും. തുടര്‍ന്ന് മോദി രണ്ടരയോടെ ഇംഫാലില്‍ എത്തും. അവിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കും. 1200 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. മണിപ്പൂര്‍ കലാപത്തിന്റെ ഇരകളെയും മോദി കാണും. അതിനിടെ, ചുരാചന്ദ്പുരില്‍ സംഘര്‍ഷമുണ്ടായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം നശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴുതിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. തുടര്‍ന്ന് അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളും മോദി സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 13-ന് ഗുവഹാത്തിയില്‍ നടക്കുന്ന ഡോ. ഭൂപന്‍ ഹസാരികയുടെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍ മോദി പങ്കെടുക്കും. പിറ്റേദിവസം അസമില്‍ 18,530 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്തുകയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. സെപ്റ്റംബര്‍ 15-ന് പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. രാവിലെ ഒന്‍പതരയ്ക്ക് കാല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന 16-ാമത് സംയുക്ത കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. തുടര്‍ന്ന് ബിഹാറിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2:45-ന് പൂര്‍ണിയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. കൂടാതെ, പൂര്‍ണിയയില്‍ ഏകദേശം 36,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. അവിടെ നടക്കുന്ന പൊതുപരിപാടിയിലും മോദി സംസാരിക്കും.

Get Newsletter

Advertisement

PREVIOUS Choice