Latest Updates

റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. 50,000 രുപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് കോടതയില്‍ സമര്‍പ്പിക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്‌. സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്‍മേലാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നു ചുണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. അതേസമയം കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അമൃതോദോസ് വാദിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്നുവെന്ന് പറയാനാകില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടാത്തതിനാല്‍ അവര്‍ ജയിലില്‍ തുടരേണ്ട കാര്യമില്ല. കന്യാസ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ക്കെതിരെ എന്തുതെളിവാണ് ഉളളതെന്ന് കോടതി ചോദിച്ചപ്പോഴാണ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരെ പരാതി നല്‍കിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിര്‍ത്തു. മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിലായ അന്നുമുതല്‍ ഇവര്‍ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ്.

Get Newsletter

Advertisement

PREVIOUS Choice