കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ മതനിരപേക്ഷ
പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടുമ്പോഴും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ മതനിരപേക്ഷ, ജനാധിപത്യ, ശാസ്ത്രീയ ഉള്ളടക്കത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഒരു നീക്കത്തെയും സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും അതോടൊപ്പം വിദ്യാർഥികൾക്ക് അർഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടുത്താനും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പി എം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ, സമഗ്ര ശിക്ഷാ കേരളയ്ക്ക് അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വർഷം കേരളത്തിന് നഷ്ടമായത് 188.58 കോടി രൂപയാണ്. 2024-25 വർഷത്തെ കുടിശ്ശിക 513.54 കോടി രൂപയാണ്. 2025-26 വർഷം നമുക്ക് ലഭ്യമാകേണ്ടിയിരുന്ന 456.1 കോടി രൂപയും തടഞ്ഞുവെച്ചു. ആകെ 1,158.13 കോടി രൂപയുടെ ഫണ്ടാണ് ഇതിനോടകം നഷ്ടമായത്. പി എം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ, സമഗ്ര ശിക്ഷയുടെ കുടിശ്ശികയും രണ്ടു വർഷത്തെ പി.എം. ശ്രീ. ഫണ്ടും ഉൾപ്പെടെ 1,476.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാൻ പോകുന്നത്. നിലവിൽ കേന്ദ്രം സമഗ്ര ശിക്ഷയ്ക്ക് നൽകാമെന്ന് ധാരണയായിട്ടുള്ളത് 971 കോടി രൂപയാണ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ നാൽപത് ലക്ഷത്തോളം വരുന്ന പാർശ്വവൽക്കൃത വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് ഈ ഫണ്ട് തടഞ്ഞുവെക്കുന്നത് നേരിട്ട് ബാധിക്കുന്നത്. 5.61 ലക്ഷം പട്ടികജാതി/പട്ടികവർഗ്ഗ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ. 1.08 ലക്ഷം ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക പിന്തുണ, തെറാപ്പി സൗകര്യങ്ങൾ, സഹായ ഉപകരണങ്ങൾ എന്നിവയേയും ബാധിക്കും. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള സൗജന്യ യൂണിഫോം, പാഠപുസ്തകം, പെൺകുട്ടികൾക്കുള്ള അലവൻസുകൾ, പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം, പരീക്ഷാ നടത്തിപ്പ് തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ പ്രവർത്തനങ്ങളെയാണ് ഈ ഫണ്ടിന്റെ അഭാവം തകർക്കുന്നത്. നമ്മുടെ കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങാൻ കേരളം തയ്യാറല്ല. ഈ ഫണ്ട് ഏതെങ്കിലും പാർട്ടിയുടെ ഔദാര്യമല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ള, നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട വിഹിതമാണ്. ആ അവകാശം നേടിയെടുക്കുക എന്നതാണ് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് മന്ത്രി പറഞ്ഞു. പി എം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണ്ണമായും അംഗീകരിച്ചു എന്ന പ്രചരണം തെറ്റാണെന്നു മന്ത്രി പറഞ്ഞു. ഇത് തികച്ചും സാങ്കേതികപരമാണ്. ഒന്നാമതായി, 2022 ഒക്ടോബർ മുതൽ തന്നെ സമഗ്ര ശിക്ഷാ പദ്ധതിയെ എൻ.ഇ.പി നടപ്പാക്കാനുള്ള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 2023 വരെ ആ ഫണ്ട് വാങ്ങുമ്പോഴും കേരളം നമ്മുടെ സംസ്ഥാന താല്പര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. അതേ നയം മാത്രമേ ഇപ്പോഴും തുടരുന്നുള്ളൂ. രണ്ടാമതായി, ഉന്നതവിദ്യാഭ്യാസ വകുപ്പ് പി എം ഉഷ പദ്ധതിയിൽ ഒപ്പിട്ടതും എൻ.ഇ.പി നടപ്പാക്കാം എന്ന വ്യവസ്ഥയോടെയാണ്. എന്നിട്ടും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ സ്വന്തം കാഴ്ചപ്പാടാണ് ഇവിടെ നടപ്പാക്കുന്നത്. കേന്ദ്ര നയം മുപ്പത് ശതമാനം പോലും നടപ്പിലാക്കിയിട്ടില്ല. മൂന്നാമതായി, എൻ.ഇ.പി 2020-ൽ പറയുന്ന പല കാര്യങ്ങളും (ഉദാഹരണത്തിന്: പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക ശാക്തീകരണം, നൂറ് ശതമാനം എൻറോൾമെന്റ്, ത്രിഭാഷാ പദ്ധതി) കേരളം പതിറ്റാണ്ടുകൾക്ക് മുൻപേ നടപ്പിലാക്കിയതാണ്. ഇക്കാര്യത്തിൽ കേരളം എൻ.ഇ.പി.യെക്കാൾ ബഹുദൂരം മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സർക്കാരാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേജ് 17-ൽ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എൻ.ഇ.പി വന്നതിന് ശേഷം 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാ മൂല്യങ്ങൾ എന്നിവയിൽ ഊന്നിയ പാഠ്യപദ്ധതിയാണ് നാം ഒരു വ്യാഴവട്ട കാലത്തിനുശേഷം പാഠ്യപദ്ധതി പരിഷ്കരിച്ചതിലൂടെ നടപ്പിലാക്കിയത്. എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ ഗാന്ധി വധവും മുഗൾ ചരിത്രവും അടക്കമുള്ള പാഠഭാഗങ്ങൾ അഡീഷണൽ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിക്കുകയും അതിൽ പരീക്ഷ നടത്തുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ഇതേ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തന്നെയായിരിക്കും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും തുടർന്നും പഠിപ്പിക്കാൻ പോകുന്നത്. അതിൽ ഒരു മാറ്റവും ഉണ്ടാകില്ല. ഫെഡറൽ തത്വങ്ങൾ അടിയറവെച്ചു എന്ന പ്രചരണവും ശരിയല്ലെന്നു മന്ത്രി പറഞ്ഞു. ഫെഡറൽ തത്വങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഡൽഹിയിൽ ചേർന്ന എൻ.സി.ഇ.ആർ.ടി ജനറൽ ബോഡി യോഗത്തിൽ, 20 സംസ്ഥാനങ്ങളിലെ മന്ത്രിമാർ ഉണ്ടായിരുന്നിട്ടും, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസാരിച്ചത് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി മാത്രമാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഗവർണറുടെ അധികാരങ്ങളെക്കുറിച്ചും നമ്മുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ധൈര്യം കാണിച്ച സംസ്ഥാനമാണ് കേരളമെന്നു മന്ത്രി പറഞ്ഞു. ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നത് കേന്ദ്രമാണ്. ആ സാമ്പത്തിക ഉപരോധത്തെ അതിജീവിച്ച് അവകാശങ്ങൾ നേടിയെടുക്കുകയാണ് ചെയ്യുന്നത്. സ്കൂൾ കോംപ്ലക്സുകളുടെ പേരിൽ ചെറിയ സ്കൂളുകൾ പൂട്ടുമെന്ന പ്രചരണങ്ങളും തെറ്റാണ്. ഒരു സ്കൂൾ പോലും അടച്ചുപൂട്ടില്ല. ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച സ്കൂളുകൾ ഏറ്റെടുത്ത് സംരക്ഷിക്കുകയും, അതിന്റെ ഫലമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 9 വർഷം കൊണ്ട് 11 ലക്ഷം പുതിയ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത സർക്കാരാണിത്. സ്കൂളുകൾ പൂട്ടാനല്ല, നിലവിലുള്ളവയെ മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് ഈ സർക്കാർ പണം വിനിയോഗിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പേരിൽ പദ്ധതി നടപ്പാക്കുന്നു എന്നത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പൊതുവായ രീതി മാത്രമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ പേരിന് മുൻപിൽ പി എം ശ്രീ എന്ന് ചേർക്കണം എന്നതാണ് വ്യവസ്ഥ. അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ വെക്കണം എന്നല്ല. നാം ഇപ്പോൾ തന്നെ ഉച്ചഭക്ഷണ പദ്ധതിക്ക് പി എം പോഷൺ എന്നും ഉന്നത വിദ്യാഭ്യാസ പദ്ധതിക്ക് പി എം ഉഷ എന്നും പറയുന്നുണ്ട്. ആകെ 82 കേന്ദ്ര പദ്ധതികളിൽ 17 എണ്ണം പി എം എന്ന് തുടങ്ങുന്നവയാണ്. വിദ്യാഭ്യാസ വകുപ്പിൽ തന്നെ 6 എണ്ണം ഉണ്ട്. ഇതൊരു സാങ്കേതികത്വം മാത്രമാണ്. അതിന്റെ പേരിൽ നമ്മുടെ നാൽപത് ലക്ഷം കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് കുറ്റകരമായ നിസംഗതയാവും.ആർ.എസ്.എസ് അജണ്ടകൾ വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. എന്നാൽ സംസ്ഥാനം അതികഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, നമുക്ക് അവകാശപ്പെട്ട 1,400 കോടിയിലധികം രൂപ വേണ്ടെന്ന് വെച്ച് കുട്ടികളെ പ്രതിസന്ധിയിലാക്കാൻ ഈ സർക്കാരിന് സാധ്യമല്ല എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
 
                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                 
                                                                
 
                                                 
                                                





