ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരേറെയാണ്. എന്നാല്‍ ഇതിനുള്ള തത്രപ്പാടില്‍ പല തെറ്റുകളും വരുത്തുന്നവരുമുണ്ട്. തെറ്റായ ഭക്ഷണം കഴിക്കുക, കാലറി കണക്കാക്കുന്നതില്‍ തെറ്റു വരുത്തുക, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്തെന്നു വരാം. ഈ അബദ്ധങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
ഭക്ഷണം കഴിക്കാന്‍ ചെറിയ പ്ലേറ്റ് ഉപയോഗിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് തലച്ചോറിനെ ഒന്ന് പറ്റിക്കാന്‍ സഹായിക്കും. ചെറിയ പ്ലേറ്റ് ആകുമ്പോള്‍ വളരെ കുറച്ചു ഭക്ഷണം മാത്രമേ എടുക്കാന്‍ കഴിയൂ. എന്നാല്‍ പ്ലേറ്റ് നിറയെ ഭക്ഷണം ഉണ്ടെന്നു തോന്നല്‍ ഉണ്ടാക്കാനും ഇത് സഹായിക്കും. കാലറി കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് മാത്രമല്ല വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യും. വിശന്നിരിക്കുമ്പോള്‍ നാം ധാരാളം ഭക്ഷണം കഴിക്കും. എന്നാല്‍ ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ അത് വിശപ്പ് കുറയ്ക്കാനും കാലറി അകത്താക്കുന്നത് കുറയ്ക്കാനും സഹായിക്കും.
പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും മികച്ച ഉറവിടമാണ് മുട്ട. പുഴുങ്ങിയോ, ഓംലെറ്റ് ആക്കിയോ തോരന്‍ ആക്കിയോ മുട്ട കഴിക്കാം. ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കാന്‍ മുട്ട കഴിക്കുന്നതിലൂടെ സാധിക്കും. അന്നജത്തിന്റെ ഉറവിടമാണെങ്കിലും സെറീയല്‍സ് കഴിക്കുന്നത് ക്രമേണ ശരീരഭാരം കൂടാന്‍ ഇടയാക്കും. എന്നാല്‍ പകരം മുട്ട ആണ് കഴിക്കുന്നതെങ്കില്‍ പ്രോട്ടീന്‍ ലഭിക്കുകയും വയര്‍ നിറഞ്ഞതായി തോന്നലുണ്ടാക്കുകയും കാലറി ഇന്‍ടേക്ക് കുറയ്ക്കുകയും ചെയ്യും. ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കാണുകയോ ഫോണ്‍ നോക്കുകയോ ഒന്നും ചെയ്യരുത്. മറ്റ് കാര്യങ്ങളില്‍ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അത് കാലറി കൂടാനും ശരീരഭാരം കൂടാനും കാരണമാകും. ഭക്ഷണം സാവധാനം ആസ്വദിച്ച് കഴിക്കൂ.