പല്ല് പുളിക്കുന്നുണ്ടോ? ഈ കാരണങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ
ചൂടുള്ളതോ തണുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ പല്ലുകളിൽ ഉണ്ടാകുന്ന അസ്വാസ്ഥ്യം പുളിപ്പായും വേദനയായും അനുഭവപ്പെടും. ഈ അവസ്ഥയ്ക്കാണ് പല്ലു പുളിപ്പ് എന്നു പറയുന്നത്.
കാരണങ്ങൾ
1. ദന്തക്ഷയം: ദന്തക്ഷയം പല്ലിന്റെ ആദ്യ അംശമായ ഇനാമൽ കഴിഞ്ഞ് രണ്ടാമത്തെ അംശമായ ഡെന്റീനിൽ എത്തുമ്പോൾ കൂടുതൽ പുളിപ്പ് ആരംഭിക്കും. ഇത് കൂടുതൽ ആഴത്തിൽ ആകുമ്പോൾ വേദനയും പഴുപ്പും ആകും.
2. തേയ്മാനം : ഇനാമൽ തേഞ്ഞു പോകുന്ന അവസ്ഥ. ഇത് ഉപരിതലത്തിൽ ഉണ്ടാകാം. വശങ്ങളിൽ മോണയുമായി ചേരുന്ന ഭാഗത്തും ഉണ്ടാകാം. അമിതമായ ബലം ചെലുത്തി ഉള്ള ബ്രഷിങ്, തെറ്റായ രീതിയിൽ ഉള്ള ബ്രഷിങ്, രാത്രിയിൽ ഉള്ള പല്ലുകടി, അസിഡിറ്റി ഇവയെല്ലാം ഇതിനു കാരണമാണ്.
3. മോണരോഗം: മോണരോഗം കാരണം മോണയും എല്ലിന്റെ ഭാഗവും താഴേക്കു വലിഞ്ഞ് പല്ലിന്റെ വേരിന്റെ ഭാഗം തെളിഞ്ഞു വരുമ്പോൾ അമിതമായി പുളിപ്പ് അനുഭവപ്പെടും.
4. ട്രോമ ഫ്രം ഒക്ലൂഷൻ : പല്ലുകളിൽ അമിതമായി കടിക്കുന്നതിനാണ് ട്രോമ ഫ്രം ഒക്ലൂഷൻ എന്ന് പറയുന്നത്. അത് ചില സ്ഥലങ്ങളിൽ കൂടുതലായി വരുമ്പോൾ പുളിപ്പായി അനുഭവപ്പെടും.
ലക്ഷണങ്ങൾ
അമിതമായ പുളിപ്പും വേദനയും ആണ് ലക്ഷണങ്ങൾ. ഇത് കൂടുതൽ ആകുമ്പോൾ വേദനയായി മാറും. ചൂടും തണുപ്പും ഉപയോഗിക്കുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടും. പല്ലു തേക്കുമ്പോൾ അമിതമായി പുളിപ്പ് തോന്നും.
പരിശോധനകൾ
പരിശോധനയിൽ ഇനാമല്‍ നഷ്ടപ്പെട്ട സ്ഥലങ്ങൾ കണ്ടെത്താം. എക്സ്റേ പരിശോധന രണ്ടു പല്ലുകളുടെ ഇടയിലുള്ള പോടു കണ്ടുപിടിക്കാൻ ആവശ്യമാണ്. ഹോട്ട് & കോൾഡ് പരിശോധനയിലൂടെ പ്രശ്നത്തിന്റെ തീവ്രത മനസ്സിലാക്കാം.
ഇവ ശ്രദ്ധിക്കാം
∙ ഡീസെൻസിറ്റൈസിങ് പേസ്റ്റുകൾ ഒരു പരിധിവരെ പല്ലു പുളിപ്പു കുറയ്ക്കാൻ സഹായിക്കുന്നു.
∙ പോടു കാരണം ഉണ്ടാകുന്ന പുളിപ്പു പല്ല് അടയ്ക്കുന്നതിലൂടെ പരിഹരിക്കാം.