Latest Updates

നിരവധി പേര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് പക്ഷാഘാതം (stroke). ഹൃദയധമനികള്‍ ഇടുങ്ങുന്നതു മൂലം രക്തചംക്രമണവും തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണവും തടസ്സപ്പെടുന്നത് പക്ഷാഘാത സാധ്യത കൂട്ടും.   ആരോഗ്യകരമായ ഭക്ഷണക്രമവും, വര്‍ക്കൗട്ടും ശീലമാക്കുക. പുകവലി, മദ്യപാനം ഇവ ഒഴിവാക്കുക. പതിവായി വൈദ്യപരിശോധന നടത്തുക ഇതെല്ലാം രോഗസാധ്യത കുറയ്ക്കും.

ഭക്ഷണത്തിന്റെ കാര്യമെടുത്താല്‍ പക്ഷഘാതസാധ്യത പകുതിയായി കുറയ്ക്കുന്ന ഒരു ഫലമുണ്ട്. പെയര്‍ ആണ് സ്‌ട്രോക്കില്‍ നിന്നു സംരക്ഷണം നല്‍കുന്ന പഴം. സസ്യസംയുക്തങ്ങളായ കറ്റേച്ചിനും ധാരാളം ഫൈബറും അടങ്ങിയ പെയര്‍ പക്ഷാഘാതം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഹാര്‍വഡ് ഗവേഷകരാണ് കണ്ടെത്തിയത്.  ആപ്പിള്‍, കൊക്കോ എന്നീ പഴങ്ങളിലും കറ്റേച്ചിന്‍ ഉണ്ട്. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തം കട്ടപിടിയ്ക്കുന്നതു തടയാനും സഹായിക്കും.

ഫൈറ്റോകെമിക്കലുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ സ്‌ട്രോക്കിനുള്ള സാധ്യത കുറയക്കുമെന്ന് ഡച്ച് ഗവേഷകര്‍ 2011 ല്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞു. വെള്ള നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉദാഹരണത്തിന് ആപ്പിള്‍ -സ്‌ട്രോക്കിനെതിരെ ഫലപ്രദമാണെന്ന് പഠനത്തില്‍ തെളിഞ്ഞു. ശരാശരി 41 വയസ്സുള്ള 20,000 പേരിലാണ് ഈ പഠനം നടത്തിയത്. ഇവര്‍ക്കാര്‍ക്കും ഹൃദ്രോഗചരിത്രം ഉണ്ടായിരുന്നില്ല. ഭക്ഷ്യനാരുകളും ധാരാളം അടങ്ങിയ ആപ്പിളും പെയറും ആണ് പഠനവിധേയമാക്കിയത്. 

പത്തു വര്‍ഷത്തെ ഫോളോ അപ്പ് കാലയളവില്‍ 233 പേര്‍ക്ക് സ്‌ട്രോക്ക് വന്നതായി കണ്ടു. വെള്ളനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചവരില്‍ രോഗ സാധ്യത 52 ശതമാനം കുറവാണെന്നും പഠനത്തില്‍ തെളിഞ്ഞു. ദിവസവും വെള്ളനിറമുള്ള പഴങ്ങളും പച്ചക്കറികളും 25 ഗ്രാം വീതം കഴിക്കുന്നവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത 9 ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നു.

Get Newsletter

Advertisement

PREVIOUS Choice