രാത്രി നന്നായി ഉറക്കമില്ലെന്ന പരാതിയുണ്ടോ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരിഹാരമാകും
ഉറങ്ങുന്നതിന് മുന്‍പ് കിടപ്പുമുറിയില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുക. ടി.വി, കമ്പ്യൂട്ടര്‍ എന്നിവ ഓഫാക്കി വെക്കുന്നതിനോടൊപ്പം മൊബൈല്‍ ഫോണ്‍ കിടക്കയില്‍ നിന്നും മാറ്റി ദൂരെ വെയ്ക്കാനും ശ്രദ്ധിക്കുക. ഇത് റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്നതോടൊപ്പം ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ശബ്ദവും വെളിച്ചവും സൃഷ്ടിക്കില്ല. എല്ലാ ദിവസവും കൃത്യസമയത്ത് ഉണരുകയും ഉറങ്ങാന്‍ കിടക്കുകയും ചെയ്യണം. ദിനചര്യ, അച്ചടക്കം നല്‍കുന്നതോടൊപ്പം ശരീരത്തിന് ഒരു ഘടികാരം സെറ്റ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. വൈകുന്നേരം മുതല്‍ ചായയും കാപ്പിയും ഒഴിവാക്കാം. കഫീന്റെ ഉപയോഗം ഉറക്കത്തെ ബാധിക്കും. പകലുറക്കം വേണ്ട. ചെറുമയക്കം നല്ലതാണെങ്കിലും പകല്‍ സമയം ഏറെ നേരം ഉറങ്ങുന്നത് നല്ലതല്ല.
അനാവശ്യചിന്തകളെ ഒഴിവാക്കാം. വീട്ടിലെയും ജോലിസ്ഥലത്തെയും പ്രശ്നങ്ങള്‍ ആലോചിച്ചാല്‍ ഉറക്കം നഷ്ടപ്പെടും. അതുകൊണ്ട് പ്രശ്നങ്ങള്‍ ഒക്കെ പരിഹരിച്ച് ശാന്തമായ മനസോടെ വേണം ഉറങ്ങാന്‍ കിടക്കുന്നത്. ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ കുളിക്കാം. ഒരു ഗ്ലാസ് ചൂട് പാലും കുടിക്കാം അല്പസമയം വായിക്കാം. ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ കുറച്ചു സമയം ചെലവിടാം. മുറ്റത്ത് ഒരു ചെറു നടത്തമാവാം. പാട്ടു കേള്‍ക്കാം. ഭക്ഷണത്തില്‍ ശ്രദ്ധിക്കാം. അസിഡിറ്റിയും മറ്റ് ഉദരപ്രശ്നങ്ങളും ഉണ്ടാക്കുന്ന ഭക്ഷണം രാത്രി കഴിക്കാതിരിക്കുക. അടുത്ത ദിവസത്തേക്കുള്ള ടൈംടേബിള്‍ തയാറാക്കുന്നത് നല്ലതാണ്. ഓരോ കാര്യവും ചെയ്യേണ്ടതെപ്പോള്‍ എന്നു തീരുമാനിച്ചാല്‍ സമാധാനമായ മനസോടെ ഉറങ്ങാം. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നന്നായി ഉറങ്ങാം.