മലബന്ധം മുതല്‍ ഓക്കാനം വരെ: അധികമായാല്‍ പച്ചപപ്പായ പ്രശ്നമാകും
ആരോഗ്യത്തിന് വളരെ നല്ലതായി കണക്കാക്കപ്പെടുന്ന ഒന്നാണ് പപ്പായ. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി പോഷകങ്ങള്‍ ഇതില്‍ ഉണ്ട്. ഇവ നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട പോഷകങ്ങളാണ്. അതേസമയം അസംസ്‌കൃത പപ്പായ അമിതമായി കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ആരോഗ്യ വാര്‍ത്താ പോര്‍ട്ടലായ Onlymyhealth.com റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗര്‍ഭിണികളായ സ്ത്രീകള്‍ പച്ച പപ്പായ കഴിക്കരുതെന്ന് പണ്ട് മുതലുള്ളവര്‍ പറയുന്നുണ്ട്. ഗര്‍ഭാശയത്തിന്റെ സങ്കോചം മൂലം ഗര്‍ഭം അലസലിലേക്ക് നയിച്ചേക്കാവുന്ന ഒരു പ്രോട്ടിയോലൈറ്റിക് എന്‍സൈമായ പപ്പെയ്ന്‍ ഇതില്‍ ഉണ്ട്. പച്ച പപ്പായ ശരിയായ അളവില്‍ കഴിച്ചാല്‍ അത് ദഹനത്തിന് നല്ലതാണ്. എന്നാല്‍ പച്ച പപ്പായയില്‍ ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ ഇത് ചില സന്ദര്‍ഭങ്ങളില്‍ മലബന്ധത്തിനും വയറു വീര്‍ക്കുന്നതിനും കാരണമാകും.
പച്ച പപ്പായയിലെ ലാറ്റക്‌സ് കാരണം ചിലരില്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാം. ഇത് വലിയ അളവില്‍ കഴിക്കുന്നത് അന്നനാളത്തില്‍ പ്രകോപനം ഉണ്ടാക്കുകയും ഛര്‍ദ്ദിക്ക് കാരണമാവുകയും ചെയ്യും.
പച്ച പപ്പായ ധാരാളം കഴിക്കുന്നത് ശ്വാസംമുട്ടലിന് കാരണമാകുന്നതിനാല്‍ ഇത് ആസ്ത്മ രോഗികള്‍ക്ക് ദോഷം ചെയ്യും. അസംസ്‌കൃത പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ ചില സന്ദര്‍ഭങ്ങളില്‍ അലര്‍ജിക്ക് കാരണമാകും. ഒരാള്‍ വലിയ അളവില്‍ പപ്പായ കഴിച്ചാല്‍ അത് വയറ്റിലെ വീക്കം, തലവേദന, തിണര്‍പ്പ്, തലകറക്കം എന്നിവയ്ക്ക് കാരണമാകും. പപ്പായ കഴിച്ചതിന് ശേഷം ഇത്തരത്തില്‍ എന്തെങ്കിലും സംഭവിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അത് വീണ്ടും കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടതാണ്.
അതേസമയം എന്തും അധികമായാല്‍ ദോഷമാണ്, ആരോഗ്യകരമായ ഭക്ഷണ സാധനങ്ങള്‍ക്കും ഇത് ബാധകമാണ്. ഇവ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.