Latest Updates

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞ് കുടവയര്‍ ചാടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനം. സാധാരണ ഗതിയില്‍ ചര്‍മത്തിനു താഴെ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരില്‍ അവയവങ്ങള്‍ക്ക് ചുറ്റുമായി അടിഞ്ഞ് സങ്കീര്‍ണതകളുണ്ടാക്കുമെന്ന് മയോ ക്ലിനിക്കല്‍ നടന്ന പഠനം വെളിപ്പെടുത്തി.

ആരോഗ്യവാന്മാരും അമിതവണ്ണം ഇല്ലാത്തവരുമായ 12 പേരെ രണ്ട് സംഘങ്ങളായി തിരിച്ച് നടത്തിയ പഠനം 21 ദിവസം നീണ്ടു. ഒരു സംഘത്തില്‍പ്പെട്ടവര്‍ക്ക് രാത്രി ഒന്‍പത് മണിക്കൂര്‍ ഉറക്കം ലഭിച്ചപ്പോള്‍ രണ്ടാമത്തെ സംഘത്തിന് വെറും നാലു മണിക്കൂറാണ് ഒരു ദിവസം ഉറങ്ങാന്‍ പറ്റിയത്. മൂന്ന് മാസത്തിന് ശേഷം ഈ പരീക്ഷണത്തില്‍ പങ്കെടുത്തവരെ ഗ്രൂപ്പ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇത് ആവര്‍ത്തിച്ചു.  ഉറക്കം ആവശ്യത്തിന് ലഭിക്കാത്തവരില്‍ വയറില്‍ കൊഴുപ്പടിയുന്ന ഭാഗത്തിന്റെ വിസ്തീര്‍ണം 9 ശതമാനം വര്‍ധിച്ചു. ഇവരുടെ വയറിന്റെ ഭാഗത്ത് അടിഞ്ഞ കൊഴുപ്പിന്റെ തോതും 11 ശതമാനം വര്‍ധിച്ചു. ഉറക്കം കുറവ് ലഭിച്ചവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശരാശരി പ്രതിദിനം 300 കാലറി അധികം കഴിച്ചതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഇവര്‍ 13 ശതമാനം അധികം പ്രോട്ടീനും 17 ശതമാനം കൂടുതല്‍ കൊഴുപ്പും അകത്താക്കി.

ഇവരുടെ ഊര്‍ജ്ജ വിനിയോഗം ഏതാണ്ട് സമാനമായിരുന്നു.  സിടി സ്‌കാനിലൂടെയാണ് വയറിന്റെ ഭാഗത്ത് കൊഴുപ്പടിയുന്നത് കണ്ടെത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മയോ ക്ലിനിക്കിലെ കാര്‍ഡിയോ വാസ്‌കുലര്‍ മെഡിസിന്‍ ഗവേഷക നൈമ കോവാസ്സിന്‍ പറഞ്ഞു. അമേരിക്കയിലെ മുതിര്‍ന്നവരില്‍ മൂന്നിലൊന്നിന് നിത്യവും ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.  തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഓര്‍മ്മശക്തിക്കുമെല്ലാം ആവശ്യത്തിന് ഉറക്കം അത്യാവശ്യമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു.

Get Newsletter

Advertisement

PREVIOUS Choice