ശ്വാസകോശാര്‍ബുദം നേരത്തെ തിരിച്ചറിയൂ.. ചികിത്സ നടത്തൂ
ലോകത്ത് ശ്വാസകോശാര്‍ബുദത്തിന്റെ നിരക്ക് വര്‍ധിച്ചു വരികയാണ്. പുകവലി, വര്‍ധിച്ചു വരുന്ന വായു മലിനീകരണം എന്നിവ മൂലമുള്ള ശ്വാസകോശാര്‍ബുദത്തിന് നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും നടത്തിയാല്‍ ഇത് മൂലമുള്ള മരണങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇവ നേരത്തെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള തരം അര്‍ബുദങ്ങളില്‍ ഒന്നാണ്.
പല കേസുകളിലും ശ്വാസകോശത്തിന്റെ നല്ലൊരു ഭാഗത്തേക്ക് പടര്‍ന്ന ശേഷമാണ് ഈ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. ചിലരുടെ കാര്യത്തില്‍ പ്രാരംഭ ലക്ഷണങ്ങള്‍ മറ്റു രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ രോഗനിര്‍ണയവും ചികിത്സയും വൈകുന്നു. ചുമയ്ക്കുന്ന രീതിയാണ് ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ കാല സൂചനകളില്‍ ഒന്ന്. നമ്മുടെ ചുമ ശ്വാസകോശ സംവിധാനത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
ചുമയ്‌ക്കൊപ്പം കരുതിയിരിക്കാം ഈ ലക്ഷണങ്ങളെയും
അര്‍ബുദം മൂലമുള്ള ചുമയ്‌ക്കൊപ്പം ഇനി പറയുന്ന ലക്ഷണങ്ങളെ കൂടി കരുതിയിരിക്കാം
കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം
ശ്വാസം മുട്ടല്‍
നെഞ്ച് വേദന
ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധകള്‍ വിട്ടുമാറാതെ തുടരുന്നത്
വിട്ടുമാറാത്ത ചുമയുള്ളവരില്‍ ചുമയുടെ ശബ്ദത്തിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങളും വളരുന്ന അര്‍ബുദ കോശങ്ങളുടെ സൂചനയാകാം. ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ വേദന വരുന്നതും ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാണ്. അതേസമയം ചുമ നാലാഴ്ചകള്‍ക്ക് മേല്‍ നീണ്ടു നില്‍ക്കുകയോ ചുമയുടെ ശബ്ദത്തില്‍ മാറ്റം വരുകയോ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.