ഉറക്കക്കുറവുണ്ടോ....ദാ ഇതൊക്കെ ഒന്ന് പരീക്ഷിക്കൂ..
നന്നായി ഉറങ്ങുക എന്നത് മനുഷ്യന്റെ ആരോഗ്യപരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ്. എന്നാല്‍ ഉറക്കക്കുറവ് പലരും നേരിടുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ്. നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി തന്ത്രങ്ങളും സാങ്കേതിക വിദ്യകളും ഉണ്ട്, ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ഉള്‍പ്പെടെ ഇതില്‍പ്പെടുന്നു, ചില ഭക്ഷണപാനീയങ്ങള്‍ക്ക് ഉറക്കം വര്‍ധിപ്പിക്കുന്ന ഗുണങ്ങളുണ്ടെന്ന് പോഷകാഹാരവിദഗ്ധരും ഡോക്ടര്‍മാരും പറയുന്നു.
എന്ത് കഴിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ ഭക്ഷണം കഴിക്കുന്നു എന്നതും. അവസാനത്തെ ഭക്ഷണത്തിനും നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിനുമിടയില്‍ കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂറിന്റെ ഇടവേളയുണ്ടാകണമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു.
മഖാന ( താമരവിത്ത്)
ഉറങ്ങാന്‍ പോകുമ്പോള്‍ ദിവസവും ഒരു ഗ്ലാസ് പാലില്‍ തിളപ്പിച്ച മഖാന കഴിക്കുന്നത് ഉറക്കത്തിന്റെ രീതി മെച്ചപ്പെടുത്തുന്നതിനും ഉറക്ക തകരാറുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇതിന് നാഡീ-ഉത്തേജക ഗുണങ്ങളുണ്ട്, ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ഉറക്കം നല്‍കുകയും ചെയ്യുന്നു
ബദാം:
ബദാം ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മെലറ്റോണിന്‍ എന്ന ഹോര്‍മോണിന്റെ ഉറവിടമാണ് ബദാം എന്നതിനാലാണിത്. മെലറ്റോണിന്‍ നിങ്ങളുടെ സ്ലീപ്പിംഗ് ക്ലോക്കിനെ നിയന്ത്രിക്കുകയും നല്ല ഉറക്കത്തിന് തയ്യാറെടുക്കാന്‍ നിങ്ങളുടെ ശരീരത്തെ സൂചിപ്പിക്കുന്നു.
ചമോമൈല്‍, ജാസ്മിന്‍ ചായ:
ചമോമൈല്‍ അല്ലെങ്കില്‍ ജാസ്മിന്‍ ചായ കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഡാര്‍ക്ക് ചോക്ലേറ്റ്: ഡാര്‍ക്ക് ചോക്ലേറ്റുകള്‍ ഉറക്കം നല്‍കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്. ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ സെറോടോണിന്‍ അടങ്ങിയിട്ടുണ്ട്, ഇത് മനസ്സിനെയും നാഡീവ്യവസ്ഥയെയും ശാന്തമാക്കുകയും ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യും.