അമിത വണ്ണം കുറയ്ക്കാന്‍ സൈക്കിള്‍ സവാരി
ഇന്ധന വില കുതിച്ചുയര്‍ന്നപ്പോള്‍ അടുത്തയിടെ ചിലരൊക്കെ സൈക്കിളുകള്‍ പൊടിതട്ടിയെടുത്ത് വീണ്ടും നിരത്തിലിറക്കി. എന്നാല്‍ കീശ കാലിയാകില്ലെന്ന് മാത്രമല്ല ആരോഗ്യത്തിന് അത്യുത്തമമാണ് സൈക്കിള്‍ ചവിട്ടുന്നത്.
ദിവസം അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിനു നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും സൈക്കിള്‍ ചവിട്ടുന്നവര്‍ക്കു മറ്റു വ്യായാമത്തിന്റെ ആവശ്യം വരുന്നില്ല. ഒരു മണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്ന ആളിന്റെ ജീവിതത്തിലേക്ക് ഒരു മണിക്കൂര്‍ കൂടുതലായി ചേര്‍ക്കപ്പെടുന്നുവെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. വിലക്കുറവ്, അപകടസാധ്യത കുറവ്, ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് വേണ്ട, വാഹന നികുതി ഇല്ല... സൈക്കിളിന്റെ ഗുണങ്ങള്‍ ഇങ്ങനെ നീളുന്നു. തികച്ചും ലളിതമായ യന്ത്ര സംവിധാനത്തോടുകൂടിയ വാഹനമാണ് സൈക്കിള്‍. ശരീരത്തിന്റെ ബാലന്‍സ് ഉപയോഗിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം. ഉപയോഗിക്കാന്‍ വളരെ എളുപ്പം. മണിക്കൂറില്‍ ഏഴു മുതല്‍ 15 കിലോമീറ്റര്‍ വരെ വേഗവും സൈക്കിളിന് കിട്ടും.
ശരീരത്തിനു മുഴുവനും പ്രയോജനം ലഭിക്കുന്ന വ്യായാമമാണ് സൈക്ലിങ്. അമിതവണ്ണം കുറയും. ഹൃദയം, കാലിന്റെ മസിലുകള്‍, വയര്‍, അരക്കെട്ട് എന്നിവയുടെ ആരോഗ്യം ഉറപ്പാക്കും. വേഗതയും ചവിട്ടുന്ന ആളുടെ ഭാരവും അനുസരിച്ച്, ഒരു മണിക്കൂറില്‍ ഏകദേശം 400 മുതല്‍ 1000 കാലറി വരെ എരിച്ചു കളയാന്‍ സഹായിക്കും. 60 കിലോയുള്ള ഒരാള്‍ ഒരു മണിക്കൂര്‍ നടന്നാല്‍ ഏകദേശം 200 കാലറിയേ കുറയൂ.