ഗര്‍ഭിണികള്‍ കോവിഡ് പോസിറ്റീവായാല്‍ കുഞ്ഞിനെ ബാധിക്കുമോ? അറിയേണ്ടതെല്ലാം
ഗര്‍ഭിണികള്‍ കോവിഡ് പോസിറ്റീവായാല്‍ കുഞ്ഞിന് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ, കോവിഡ് വന്ന അമ്മമാര്‍ക്ക് മുലയൂട്ടാമോ തുടങ്ങി ഒട്ടേറെ സംശയങ്ങളുണ്ട്. ആശുപത്രികളില്‍ പോകുന്നതും ചെക്കപ്പ് നടത്തുന്നതും സുരക്ഷിതമാണോ എന്നും ആശങ്ക ഉയരുന്നു. കരുതലും ജാഗ്രതയും ശരിയായ ചികിത്സാരീതിയും അവലംബിച്ചാല്‍ ഈ കാലഘട്ടത്തിലും ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ധാഭിപ്രായം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗര്‍ഭിണികള്‍ ഈ സമയത്ത് കഴിവതും വീടിനുള്ളില്‍ തന്നെ കഴിയുക.
വീട്ടിനുള്ളിലും ഡബിള്‍ മാസ്‌ക് ഉപയോഗിക്കുക.
പുറത്തു പോകേണ്ടി വന്നാല്‍ മാസ്‌കും സാമൂഹിക അകലവും ഉറപ്പുവരുത്തുക.
വ്യക്തി ശുചിത്വം പാലിക്കണം. കൈകള്‍ കഴുകണം.
പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുക. പഴങ്ങള്‍, വേവിച്ച പച്ചക്കറി, മത്സ്യ-മാംസാദികള്‍ തുടങ്ങിയവ നല്ലതാണ്.
നന്നായി വെള്ളം കുടിക്കുക. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഗര്‍ഭിണികള്‍ കോവിഡ് പോസിറ്റീവായാല്‍
80 മുതല്‍ 85 ശതമാനം ഗര്‍ഭിണികള്‍ക്കും കോവിഡ് മൂലം ചെറിയ തോതിലുള്ള ലക്ഷണങ്ങളും ഇന്‍ഫെക്ഷനും മാത്രമാണ് ഉണ്ടാകുന്നത്. കോവിഡ് കാറ്റഗറിയിലെ ബി സെക്ഷനിലാണ് പോസിറ്റീവായ ഗര്‍ഭിണികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ ബി1, ബി2 എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ബി1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണികളെയാണ്. ഇവര്‍ക്ക് വീടിനുള്ളില്‍തന്നെ പരിചരണം ഒരുക്കിയാല്‍ മതി. വീടിനുള്ളില്‍ പരിചരണത്തിലായിരിക്കുന്നവര്‍ വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമായ മുറികള്‍ തിരഞ്ഞെടുക്കുക. പരിചരണത്തിന് ആളുണ്ടാകണം. മുറിക്കുള്ളിലും മാസ്‌ക് ധരിക്കണം പരിചരിക്കുന്ന ആളുമായി സാമൂഹിക അകലം പാലിക്കണം. 34 ആഴ്ച (9 മാസം) ആയ ഗര്‍ഭിണികള്‍ ആശുപത്രിയിലേക്ക് മാറണം.