നിങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ? ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്
ലോകത്ത് മറവി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ 3 സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള പൊതുവായ പദമാണ് ഡിമെന്‍ഷ്യ.
പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ രോഗിക്ക് വൈജ്ഞാനിക പ്രവര്‍ത്തനം, ചിന്ത, ഓര്‍മ്മ എന്നിവ നഷ്ടപ്പെടുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഡിമെന്‍ഷ്യ സാധ്യത നാല് മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍്ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ മറവിരോഗത്തിനുള്ള(ഡിമെന്‍ഷ്യ) സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദ ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ ബാധിക്കാം.
2050-ഓടെ ഇന്ത്യയില്‍ ഡിമെന്‍ഷ്യ കേസുകള്‍ ഇരട്ടിയാകും. 2019-ല്‍ ഇത് 38 ലക്ഷത്തില്‍ നിന്ന് 1.14 കോടിയായി ഉയരുമെന്ന് പഠനത്തില്‍ പറയുന്നു. 2011-ല്‍ ജാപ്പനീസ് ജേണല്‍ ഓഫ് ഹ്യൂമന്‍ സയന്‍സസ് ഓഫ് ഹെല്‍ത്ത്-സോഷ്യല്‍ സര്‍വീസസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ നമ്മുടെ ജീവിതശൈലിയും ഡിമെന്‍ഷ്യ രോഗനിര്‍ണയത്തിനുള്ള സാധ്യതയും തമ്മില്‍ ഒരു പ്രധാന ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു. 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 525 മുതിര്‍ന്നവരെ ഗവേഷകര്‍ നിരീക്ഷിച്ചു.
പ്രഭാതഭക്ഷണം കഴിക്കാത്തവരില്‍ ഡിമെന്‍ഷ്യ രോഗനിര്‍ണയം നാലിരട്ടി കൂടുതലാണെന്ന് അവരുടെ വിശകലനം വെളിപ്പെടുത്തി. മോശമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള ഘടകങ്ങളാണ്. ഹൃദയാരോഗ്യത്തിന് വേണ്ടവിധം ശ്രദ്ധ നല്‍കാതിരിക്കുന്നതും തലച്ചോറിനെ ദോഷകരമായി ബാധിക്കാം.
ഏത് പ്രായക്കാരാണെങ്കിലും ഹൃദയാരോഗ്യത്തിന് കൃത്യമായ പ്രാധാന്യം നല്‍കുക. ഇത് നേരത്തേ വാര്‍ധക്യത്തിലെത്തുന്നതും മറവിരോഗങ്ങള്‍ പിടികൂടുന്നതും പ്രതിരോധിക്കും.
ഡിമെന്‍ഷ്യ അഥവാ മറവിരോഗത്തിലേക്ക് നയിക്കുന്ന ചില ശീലങ്ങള്‍...
ഡയറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇത്തരം രോഗങ്ങളിലേക്കും അവസ്ഥയിലേക്കും നമ്മെ നയിക്കുമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. പ്രധാനമായും വൈറ്റമിന്‍ ബി-12 ന്റെ അഭാവമാണ് ഇതിനോടനുബന്ധമായി ഡയറ്റില്‍ ശ്രദ്ധിക്കാനുള്ളത്.
ഹോര്‍മോണ്‍ 'ബാലന്‍സ്'നും, മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും, രക്തയോട്ടത്തിനും, ഉന്മേഷത്തിനും, സന്തോഷത്തിനുമെല്ലാം കായികാധ്വാനം ആവശ്യമാണ്. അതിനാല്‍ വ്യായാമം നിര്‍ബന്ധമായും ചെയ്യുക.
പല പഠനങ്ങളും ഉറക്കവും മറവിരോഗവും തമ്മിലുള്ള ബന്ധവും നേരത്തേ തന്നെ വിശദമാക്കിയിട്ടുണ്ട്. തലച്ചോറിന് ആവശ്യമായ വിശ്രമം ലഭിച്ചില്ലെങ്കില്‍ അത് ഓര്‍മ്മശക്തിയെ കാര്യമായി ബാധിക്കാം. ഇതുതന്നെ പതിവാകുമ്പോള്‍ തലച്ചോറിനേല്‍ക്കുന്ന ആഘാതം ചെറുതായിരിക്കില്ല.
അമിതമായ മദ്യപാനവും ഓര്‍മ്മശക്തിയെ മോശമായി ബാധിക്കാം. അതുപോലെ തന്നെ വാര്‍ധക്യം നേരത്തെയാകുന്നതിലും മദ്യപാനത്തിന് വലിയ പങ്കുണ്ട്.