അറിയാതെ പോകരുത് പലരും അവഗണിക്കുന്ന ഈ രോഗലക്ഷണങ്ങള്‍
തലച്ചോറില്‍ കോശങ്ങളുടെ അസാധാരണ വളര്‍ച്ച മൂലം സൃഷ്ടിക്കപ്പെടുന്ന മുഴകളെയാണ് ബ്രെയ്ന്‍ ട്യൂമര്‍ എന്ന് വിളിക്കുന്നത്. ഇത് അര്‍ബുദമുഴകളോ അല്ലാതെയുള്ള മുഴകളോ ആകാം. എന്നാല്‍ ബ്രെയ്ന്‍ ട്യൂമര്‍ മുഴകളുടെ ലക്ഷണങ്ങള്‍ പലപ്പോഴും പലരും നിസ്സാരമായി അവഗണിക്കാറാണ് പതിവ്. രോഗം മൂര്‍ച്ഛിച്ച് മുഴ വലുതായി കഴിയുമ്പോഴാണ് പലരും രോഗം തിരിച്ചറിയുക തന്നെ.
തലയോട്ടിക്കുള്ളിലെ ഇടം മുഴകള്‍ അപഹരിക്കാന്‍ തുടങ്ങുന്നതിനാലോ മുഴകളുടെ സ്ഥാനം മൂലമോ ആകാം ബ്രെയ്ന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ പുറമേക്ക് കണ്ട് തുടങ്ങുകയെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നു. മുഴകളുടെ വളര്‍ച്ചയ്ക്ക് എടുക്കുന്ന സമയം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലരില്‍ ഏതാനും മാസങ്ങള്‍ കൊണ്ടോ ചിലരില്‍ വര്‍ഷങ്ങളെടുത്തോ മുഴ വളര്‍ച്ച പ്രാപിക്കാം.
തലച്ചോറില്‍ മുഴകള്‍ ഉണ്ടായി തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.
1. തലവേദന. വല്ലപ്പോഴും വരുന്ന തലവേദന പതിവാകുകയും രൂക്ഷമാകുകയും ചെയ്യും.
2. വിശദീകരിക്കാനാകാത്ത ഛര്‍ദ്ദില്‍, മനംമറിച്ചില്‍
3. മങ്ങിയ കാഴ്ച, ഇരട്ടക്കാഴ്ച, വശങ്ങളിലെ കാഴ്ച നഷ്ടമാകല്‍ തുടങ്ങിയവ
4. കാലിന്‍റെയോ കൈയുടെയോ ചലനവും സംവേദനക്ഷമതയും പതിയെ നഷ്ടമാകുക
5. ബാലന്‍സ് നഷ്ടമാകുക
6. സംസാരിക്കുമ്പോൾ ബുദ്ധിമുട്ട്
7. അമിതമായ ക്ഷീണം
8. നിത്യവുമുള്ള കാര്യങ്ങളില്‍ പോലുമുള്ള ആശയക്കുഴപ്പം
തലയില്‍ മുഴയുള്ള രോഗികളില്‍ 10ല്‍ എട്ടിനും ചുഴലിരോഗവും വരാറുണ്ടെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ ഭാഗമായി പേശികള്‍ വലിഞ്ഞുമുറുകുകയും ബോധം നഷ്ടമാകുകയുമൊക്കെ ചെയ്യാമെന്ന് യുഎസ് നാഷണല്‍ ബ്രെയ്ന്‍ ട്യൂമര്‍ സൊസൈറ്റി അഭിപ്രായപ്പെടുന്നു. തലച്ചോറിലെ മുഴ വ്യക്തിത്വത്തില്‍ മാറ്റം വരുത്താമെന്നും രോഗിയുടെ മൂഡ് അടിക്കടി മാറാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മുഴ തലച്ചോറിന്‍റെ ഫ്രോണ്ടല്‍ ലോബില്‍ വന്നവര്‍ക്കാണ് ഈ ലക്ഷണങ്ങള്‍ കാണപ്പെടുക. തലച്ചോറിന്‍റെ ഈ ഭാഗമാണ് വ്യക്തിത്വത്തെയും വികാരങ്ങളെയുമൊക്കെ നിയന്ത്രിക്കുന്നത്.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും ബ്രെയ്ന്‍ ട്യൂമര്‍ വന്നവരുണ്ടെങ്കില്‍ ഒരാള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. റേഡിയേഷന്‍ ഏല്‍ക്കേണ്ടി വരുന്നവര്‍ക്കും തലച്ചോറില്‍ മുഴകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.