കൃത്രിമ മധുര വസ്തുക്കൾ അർബുദത്തിനുള്ള സാധ്യത കൂട്ടും
കൃത്രിമ മധുര വസ്തുക്കൾ അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. കലോറി കുറവാണെങ്കിലും ഇവ അമിതവണ്ണം, ഹൃദ്രോഗം അടക്കം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് മുമ്പ് കണ്ടെത്തിയിട്ടുള്ളതാണ്. ഇതിന് പുറമേയാണ് അർബുദ സാധ്യത സംബന്ധിച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കൃത്രിമ മധുരത്തിന്റെ അമിതമായ ഉപയോഗം ചിലതരം അർബുദങ്ങൾക്കുള്ള സാധ്യത നേരിയ തോതിൽ വർധിപ്പിക്കുന്നതായി കണ്ടെത്തി. ഇത് സ്തനാർബുദം, മലാശയ അർബുദം, പ്രോസ്‌ട്രേറ്റ് അർബുദം, വയറിലെ അർബുദം തുടങ്ങിയവയ്ക്കു വഴിതെളിക്കാമെന്നു പഠനത്തിൽ പറയുന്നു. ഇവ ഒഴിവാക്കുന്നത് അർബുദ സാധ്യത കുറയ്ക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അസ്പാർടേം എന്ന കൃത്രിമ മധുരം ശരീരത്തിലെത്തി ദഹിക്കുമ്പോൾ അർബുദത്തിന് കാരണമാകന്ന ഫോർമാൽഡിഹൈഡായി മാറുമെന്നാണ് ഗവേഷകർ പറയുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ഫോർമാൽഡിഹൈഡ് കോശങ്ങളിൽ അടിഞ്ഞ് അവയെ അർബുദ കോശങ്ങളാക്കി മാറ്റും. അർബുദകോശങ്ങളായി മാറിയാൽ സ്വയം നശിപ്പിക്കാൻ മനുഷ്യശരീരത്തിലെ കോശങ്ങൾക്ക് പ്രാപ്തിയുണ്ട്. പക്ഷെ കോശങ്ങൾക്ക് ഈ നിർദ്ദേശം നൽകുന്ന ജീനുകളെ അസ്പാർടേം നിർവീര്യമാക്കും.
ശരീരത്തിന് ഉപകാരമുള്ള ഗട്ട് ബാക്ടീരിയകളെയും കൃത്രിമ മധുരപദാർഥങ്ങൾ നശിപ്പിക്കാമെന്ന് പഠനത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കും. അർബുദ കോശങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടാനും ഇടയാക്കും.
സൂക്രലോസ്, സാക്കറിൻ പോലുള്ള കൃത്രിമ മധുരപദാർഥങ്ങളും ഡിഎൻഎയ്ക്ക് നാശമുണ്ടാക്കി അർബുദത്തിലേക്ക് നയിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിക്കുന്ന ഭക്ഷണ പദാർഥങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒരു ഫുഡ് ഡയറിയിൽ കുറിച്ച് വയ്ക്കാൻ ആവശ്യപ്പെട്ടാണ് പടനത്തിൽ പങ്കെടുത്തവരെ ഗവേഷകർ നിരീക്ഷിച്ചത്. ഇവരിൽ പകുതിയോളം പേരെ എട്ട് വർഷത്തിലധികം നിരീക്ഷണ വിധേയരാക്കിയിരുന്നു.