ടെന്‍ഷനും പേടിയും മാറ്റാന്‍ കോവിഡ് കാലത്ത് ശീലിക്കാം പ്രാണായാമം
ചിട്ടയായ ശ്വസന പ്രക്രിയയിലൂടെ ശരീരത്തിലെ പ്രാണന്റെ സഞ്ചാരത്തെയും പ്രവര്‍ത്തനത്തെയും തടസമില്ലാതെ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള പ്രത്യേക പരിശീലനമാണ് പ്രാണായാമം. ഇതിന്റെ സമര്‍ത്ഥമായ ഉപയോഗ ക്രമത്തിലൂടെ ശാരീരിക പ്രവര്‍ത്തനത്തിലുപരി മനസിനെയും ചിട്ടപ്പെടുത്തിയെടുക്കാം.
കായികവ്യായാമത്തിലൂടെ ഒരാളുടെ കായികശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതുപോലെ പ്രാണായാമ അഭ്യാസത്തിലൂടെ മനസിന്റെയും സൂക്ഷ്മ ശരീരത്തിന്റെയും കഴിവുകള്‍ അനിതരസാധാരണമായ നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയും, ഇത്തരത്തില്‍ നേടുന്ന അസാധാരണ കഴിവുകളെ സിദ്ധികള്‍ എന്നാണ് പറയുന്നത്.
വിവിധ ആചാരന്‍മാര്‍ വ്യത്യസ്ത രീതിയിലാണ് പ്രാണായാമ പദ്ധതികള്‍ ചിട്ടപ്പെട്ടുത്തിയിരിക്കുന്നത്. ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുക്കുന്നതാണ് പൂരകം. ഉള്ളിലെടുത്ത ശ്വാസം നിശ്ചിതസമയം നിലനിര്‍ത്തുന്നത് കുംഭകം. ഉള്ളിലെടുത്ത ശ്വാസം പുറത്തുവിടുന്നതാണ് രേചകം.
ഈ മൂന്ന് പ്രക്രിയകളാണ് പ്രാണായാമത്തിന്റെ അടിസ്ഥാനം. പൂരക രേചക കുംഭക ക്രിയകളുടെ അളവ് ക്രമീകരിക്കുന്നത് വഴിയാണ് വിവിധ പ്രാണായാമ പദ്ധതികള്‍ തയ്യാറാക്കപ്പെടുന്നത്. ഓരോ പ്രാണായാമ ക്രിയകളും വ്യത്യസ്ത രീതിയിലാണ് ശരീരത്തിനുള്ളില്‍ മാറ്റം വരുത്തുന്നത്. പല രോഗങ്ങള്‍ക്കും മരുന്നിന് പകരം പ്രാണായാമപദ്ധതി വഴി പരിഹാരം കാണാനാകുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രാണനെ നിയന്ത്രിക്കുന്നത് വഴി മനസിനെയും നിയന്ത്രിക്കാനാകും, അങ്ങനെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലിയാണ് പ്രാണായാമമെന്ന് നിസംശയം പറയാം. പക്ഷേ പ്രാണായാമം സ്വയം അഭ്യസിക്കുന്നത് അപകടം വരുത്തും. കൃത്യമായി ഇതേക്കുറിച്ച് പഠിച്ച യോഗ്യതയുള്ള ആളുകളില്‍ നിന്ന് നേരിട്ട് പരിശീലിച്ചതിന് ശേഷം സ്ഥിരമായി ചെയ്യുന്നതാണ് ഉത്തമം. ്