വായന ശീലമാക്കാം ; മാനസികാരോഗ്യത്തിനും നല്ല ചിന്തകള്‍ക്കും
ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് മുഷിഞ്ഞോ? വഴിയുണ്ട്. കണ്ണുകളുടെയും മനസ്സിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ഈ ശീലം നമുക്ക് ആരംഭിക്കാം. ബോറടിയും മാറ്റാം ആരോഗ്യവും കൂട്ടാം..... നമ്മുടെ തലച്ചോറിനെയും ശരീരത്തെയും പുസ്തകവായന എങ്ങനെ മാറ്റുന്നു എന്നറിയാം. അര മണിക്കൂര്‍ വായന സമ്മര്‍ദ്ദം കുറയ്ക്കുമെന്നും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കുമെന്നും മനസികസമ്മര്‍ദത്തിന്റെ നിരക്ക് കുറയ്ക്കുമെന്നും മാനസിക സമ്മര്‍ദത്തെ അകറ്റുമെന്നും 2009 ല്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
തലച്ചോറിലെ സങ്കീര്‍ണമായ സര്‍ക്യൂട്ടുകളും സിഗ്‌നലുകളും എല്ലാം വായനയില്‍ ഇന്‍വോള്‍വ് ചെയ്യുന്നുണ്ട്. വായിക്കാനുള്ള കഴിവ് വര്‍ധിക്കുമ്പോള്‍ ഈ ശൃഖലകളും കൂടുതല്‍ ശക്തമാകുന്നു. സാഹിത്യ വായന ശീലമാക്കിയവരില്‍ മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മനസിലാക്കാനുള്ള കഴിവ് ഉണ്ട്. സഹിഷ്ണുതയും സഹാനുഭൂതിയും വളര്‍ത്താന്‍ വായന സഹായിക്കും. വിഷാദാവസ്ഥയില്‍ ഉള്ളവര്‍ക്ക് ഏറ്റവും നല്ല മരുന്നാണ് വായന. സെല്‍ഫ് ഹെല്‍പ്പ് വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങള്‍ ആണെങ്കില്‍ അവ വിഷാദമുള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങളെ എങ്ങനെ മാറ്റാം എന്നതിനുള്ള വഴികള്‍ പഠിപ്പിച്ചു തരും. ഉറക്കം സുഖമാകാനും വായന സഹായിക്കും. വായന ദിനചര്യയുടെ ഭാഗമാക്കാന്‍ മയോക്ലിനിക്കിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതും അതുകൊണ്ടാണ്.
കൂടാതെ, ഫലപ്രദമായി ആശയവിനിമയം നടത്താന്‍ വായന സഹായിക്കും. പുതിയ വാക്കുകള്‍ പരിചയപ്പെടാന്‍ മികച്ച മാര്‍ഗം വായനയാണ്. വിദ്യാര്‍ത്ഥികള്‍ വായനാശീലം തുടങ്ങുന്നത് പഠനത്തെയും സഹായിക്കും. പ്രത്യേക കാര്യം ശ്രദ്ധിക്കാനുള്ളത് ഏതെങ്കിലും ഡിവൈസിനെ ആശ്രയിക്കരുത് എന്നുള്ളതാണ്. അച്ചടിച്ച പുസ്തകങ്ങള്‍ വേണം വായിക്കാന്‍. ഡിജിറ്റല്‍ വായന ശീലമാക്കിയവരെക്കാള്‍ കോംപ്രിഹെന്‍ഷന്‍ ടെസ്റ്റുകളില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തത് അച്ചടിച്ച പുസ്തകങ്ങള്‍ വായിച്ചവരാണെന്ന് പഠനങ്ങളില്‍ പറയുന്നു. അതുകൊണ്ടു തന്നെ പറ്റാവുന്നത്ര വായിക്കുന്നത് എന്തു കൊണ്ടും ഗുണകരമാണ്. ചെറുപ്പം മുതല്‍ നമുക്ക് കുട്ടികളെയും ഈ ശീലം പരിശീലിപ്പിക്കാം.