സിഗരറ്റ് പോലെ അപകടം അഗർബത്തി പുക
മനസിനും ചുറ്റുപാടിനും ഒരു പോസിറ്റീവ് വൈബ് കിട്ടാൻ അഗർബത്തി മിക്ക വീടുകളിലും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ പതിവ് ഉപയോഗം ശ്വാസകോശത്തിന് അത്ര പോസിറ്റീവ് ആയിരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അഗർബത്തികൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാകുന്നു. സിഗരറ്റിന്റെ പുക പോലെ തന്നെ അപകടകാരിയാണ് അഗർബത്തികളിൽ നിന്ന് ഉയരുന്ന പുകയും. ഒരു സിഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന അതേ ദോഷഫലമാണ് ഒരു അഗർബത്തിയുടെ പുകയെന്ന് ശ്വാസകോശ രോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഗർബത്തികളിലെ പുക ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുർബല ശ്വാസ കോശമോ ഉള്ളവർക്ക്. അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗർബത്തിയുടെ പുക ശ്വസിക്കുന്നത് ദീർഘകാല ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സിഒപിഡി തുടങ്ങി ചിലപ്പോൾ ശ്വാസ കോശ കാൻസറിന് തന്നെ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് കൂടുതലും അഗർബത്തികൾ ഉപയോഗിച്ച് വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഇലക്ട്രിക് ദിയകളും, വിളക്കെണ്ണകളും ഉപയോഗിക്കുന്നതാണ് ഉത്തമം. ആരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് അഗർബത്തി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലതു പോലെ വായു സഞ്ചാരം ഉള്ള മുറികളിൽ ഫാൻ ഓണാക്കി ജനാലകൾ തുറന്നിട്ട ശേഷം അഗർബത്തി കത്തിക്കുക.