സംസ്ഥാന ത്രിദിന വനം കായികമേള ജനുവരി 10 മുതല്‍
ഇരുപത്തിയേഴാമത് സംസ്ഥാന ത്രിദിന വനം കായികമേളക്ക് തിരുവനന്തപുരം വേദിയാകുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. ജനുവരി 12-വരെ നടക്കുന്ന മേളയില്‍ 10 വേദികളിലായി 16 മത്സര ഇനങ്ങളില്‍ 1200 കായികതാരങ്ങള്‍ മാറ്റുരയ്ക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി ജനുവരി 10ന് രാവിലെ വനംവകുപ്പ് ആസ്ഥാനത്ത് നിന്ന് കനകക്കുന്നിലേക്ക് കൂട്ട ഓട്ടം സംഘടിപ്പിക്കും. ദേശീയ വനം കായികമേളയില്‍ എന്നും അനിഷേധ്യ സാന്നിധ്യമാണ് കേരളം. നിലവില്‍ മൂന്നാം സ്ഥാനത്തു നിന്നും ഇത്തവണ ഒന്നാം സ്ഥാനത്തെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് വേദിയിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു. മേളയുടെ ലോഗോയും തീം സോങ്ങും മന്ത്രി പ്രകാശനം ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും മേള നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയികള്‍ക്ക് ദേശീയ വനം കായികമേളയില്‍ കേരളത്തെ പ്രതിനിധീകരിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ദേശീയ വനം കായികമേളകളില്‍ ശ്രദ്ധേയമായ പ്രകടനമാണ് കേരളം കാഴ്ചവച്ചു പോരുന്നത്. കഴിഞ്ഞ ദേശീയ വനം കായികമേളയില്‍ കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.