സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്
സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്. ഫൈനലില്‍ അത്ലറ്റിക്ക് ബില്‍ബാവോയെ തകര്‍ത്താണ് റയല്‍ കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ലൂക്ക മോഡ്രിച്ചും കരിം ബെന്‍സേമയും റയലിനുവേണ്ടി ലക്ഷ്യം കണ്ടു. കാര്‍ലോ ആഞ്ചലോട്ടി സ്ഥാനമേറ്റശേഷം റയല്‍ നേടുന്ന ആദ്യ കിരീടമാണിത്. അത്ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തി ഫൈനലിലെത്തിയ ബില്‍ബാവോയ്ക്ക് റയലിനെ അട്ടിമറിയ്ക്കാന്‍ സാധിച്ചില്ല. 38-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചാണ് റയലിനുവേണ്ടി ആദ്യം വലകുലുക്കിയത്. മോഡ്രിച്ചിന്റെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ബില്‍ബാവോ പോസ്റ്റിലേക്ക് താണിറങ്ങി. ആദ്യ പകുതിയില്‍ റയല്‍ ഒരു ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും മികച്ച പ്രകടനം തുടര്‍ന്ന റയല്‍ 52-ാം മിനിറ്റില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പെനാല്‍ട്ടിയിലൂടെ കരിം ബെന്‍സേമയാണ് റയലിനായി രണ്ടാം ഗോള്‍ നേടിയത്. ബോക്സിനകത്തുവെച്ച് ബെന്‍സേമയുടെ ഷോട്ടിന് ആല്‍വാരെസ് കൈ വെച്ചതിനെത്തുടര്‍ന്നാണ് റയലിന് പെനാല്‍ട്ടി ലഭിച്ചത്. കിക്കെടുത്ത ബെന്‍സേമയ്ക്ക് പിഴച്ചില്ല. പന്ത് അനായാസം വലയില്‍ കയറി. റയല്‍ നേടുന്ന 12-ാം സൂപ്പര്‍ കപ്പ് കിരീടമാണിത്.