എ.സി. മിലാന്റെ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് കെസ്സിയെ ബാഴ്സലോണ സ്വന്തമാക്കും
സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ എ.സി. മിലാന്റെ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് കെസ്സിയെ സ്വന്തമാക്കാനൊരുങ്ങുന്നു. കെസ്സിയുമായി ബാഴ്സ കരാറിലൊപ്പുവെച്ചുവെന്ന് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ അറിയിച്ചു. നിലവില്‍ മിലാനില്‍ സെന്റര്‍ മിഡ്ഫീല്‍ഡര്‍ പൊസിഷനിലാണ് കെസ്സി കളിക്കുന്നത്. ശാരീരിക പരിശോധനകള്‍ക്കും ക്വാറന്റീനിനും ശേഷം കെസ്സി ഉടന്‍ തന്നെ ബാഴ്സയിലെത്തും. നാലുവര്‍ഷത്തെ കരാറിലാണ് ബാഴ്സയും കെസ്സിയും ഒപ്പുവെച്ചത്.
ഐവറി കോസ്റ്റിന്റെ താരമായ കെസ്സിയ്ക്ക് 25 വയസ്സാണ് പ്രായം. ഒരു വര്‍ഷം കെസ്സിയ്ക്ക് ബാഴ്സ 6.5 മില്യണ്‍ യൂറോ (ഏകദേശം 54 കോടി രൂപ) ശമ്പളമായി നല്‍കും. കെസ്സിയുടെ വരവ് ബാഴ്സയ്ക്ക് കൂടുതല്‍ ഗുണം ചെയ്യും. പരിശീലകന്‍ സാവിയുടെ കീഴില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ബാഴ്സലോണ അവസാന മത്സരത്തില്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് റയല്‍ മഡ്രിഡിനെ കീഴടക്കിയിരുന്നു. യുവനിരയുടെ കരുത്താണ് ബാഴ്സയുടെ ശക്തി. 2017 മുതല്‍ എ.സി മിലാനില്‍ കളിക്കുന്ന കെസ്സി 166 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014 മുതല്‍ ഐവറി കോസ്റ്റ് ദേശീയ ടീം അംഗം കൂടിയാണ്.