ഒളിംപ്യന്‍ ഒ ചന്ദ്രശേഖരന്‍ അന്തരിച്ചു വിട പറഞ്ഞത് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്രതിരോധ താരമായി കളിച്ചിരുന്ന ചന്ദ്രശേഖരന്‍ 1960ലെ റോം ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. രാജ്യം അവസാനമായി ഒളിമ്പിക്സില്‍ ഫുട്ബോള്‍ കളിച്ചത് ആ വര്‍ഷമാണ്. അന്നത്തെ ഒളിമ്പിക്സ് ടീമില്‍ അംഗമായിരുന്ന എസ്എസ് ഹക്കിം അന്തരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രശേഖരന്റെ മരണവും.
1962ല്‍ സ്വര്‍ണം നേടിയ ഏഷ്യന്‍ ഗെയിംസ് ടീമിലും വെള്ളി നേടിയ 1964ലെ എഎഫ്സി ഏഷ്യന്‍ കപ്പിലും വെള്ളി നേടിയ മെര്‍ഡേക്ക ടൂര്‍ണമെന്റിലും (1959, 1964) ചന്ദ്രശേഖരനും ഉണ്ടായിരുന്നു.
തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ ജനിച്ച ചന്ദ്രശേഖരന്‍ എറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്താണ് തന്റെ ഫുട്ബോള്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തിയത്. പിന്നീട് 1956 മുതല്‍ മുംബൈയിലെ കാല്‍ടെക്സിന് വേണ്ടി കളിച്ചു. 1966ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കായും അദ്ദേഹം ബൂട്ട് കെട്ടി. 1963ല്‍ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.