ആരാധകര്‍ കാത്തിരുന്ന നിമിഷം ഇതാ കൈക്കുമ്പിളില്‍; മഞ്ഞപ്പട ഫൈനലില്‍
ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) സെമിഫൈനലിലേക്കുള്ള വരവ് വെറുതെയല്ലെന്ന് ഇവാന്‍ വുക്കൊമനോവിച്ചും സംഘവും തെളിയിച്ചു. സെമിയിലെത്തിയാല്‍ ഫൈനല്‍ കളിക്കണമെന്ന 'നിര്‍ബന്ധം' ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും ബ്ലാസ്റ്റേഴ്‌സ് ചേര്‍ത്തു പിടിച്ചതോടെ, കരുത്തരായ ജംഷഡ്പുര്‍ എഫ്‌സിയെ വീഴ്ത്തി മഞ്ഞപ്പട ഫൈനലില്‍.
ഓരോ ഇഞ്ചിലും ആവേശം നിറഞ്ഞുനിന്ന രണ്ടാം പാദ സെമിയില്‍ ജംഷഡ്പുരിനെ 1-1ന് സമനിലയില്‍ തളച്ചാണ് മഞ്ഞപ്പടയുടെ മുന്നേറ്റം. ഇതോടെ ഇരുപാദങ്ങളിലുമായി 2-1ന്റെ ലീഡ് നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എലില്‍ മൂന്നാം ഫൈനലിന് യോഗ്യത നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ അഡ്രിയന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ജംഷഡ്പുരിന്റെ വിവാദത്തിന്റെ ചുവയുള്ള സമനില ഗോള്‍ 50-ാം മിനിറ്റില്‍ പ്രണോയ് ഹാള്‍ദര്‍ നേടി. ആദ്യപാദത്തിലെ ഗോള്‍കൂടി ചേര്‍ത്ത് 2-1ന്റെ ലീഡോടെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
ഇരുപകുതികളിലുമായി അല്‍വാരോ വാസ്‌ക്വസും ഹോര്‍ഹെ പെരേര ഡയസും ചില സുവര്‍ണാവസരങ്ങള്‍ പാഴാക്കിയത് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചെങ്കിലും കാലിടറാതെ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കാലുറപ്പിച്ചു. ഇനി ഹൈദരാബാദ് എഫ്‌സി - എടികെ മോഹന്‍ ബഗാന്‍ രണ്ടാം സെമിഫൈനല്‍ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.