'വണക്കം വികാസ്' ഞങ്ങള്‍ മാപ്പു പറയുന്നു ഹിന്ദി ഭാഷാവിവാദത്തില്‍ മാപ്പപേക്ഷയുമായി സൊമാറ്റോ
'ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയാണെന്നും അല്പമെങ്കിലും അറിഞ്ഞിരിക്കണ'മെന്നുമുള്ള പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോ. ഉപഭോക്താവിന് ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ മോശമായി പെരുമാറിയ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവിന്റെ വാക്കുകള്‍ വിവാദമായിരുന്നു. വികാസ് എന്ന ഉപഭോക്താവിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇയാള്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചു. തുടര്‍ന്നാണ് സൊമാറ്റോ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.
താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണ ഇനങ്ങള്‍ ഡെലിവര്‍ ചെയ്തപ്പോള്‍ ഒരെണ്ണം കുറഞ്ഞുപോയെന്ന പരാതിയുമായാണ് വികാസ് കസ്റ്റമര്‍ കെയറെ സമീപിച്ചത്. കുറഞ്ഞ ഭക്ഷണത്തിന്റെ പണം തിരികെ വേണമെന്നായിരുന്നു വികാസിന്റെ ആവശ്യം. ഈ വിഷയത്തില്‍ ചാറ്റ് ചെയ്യുന്നതിനിടെയായിരുന്നു കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവിന്റെ വിവാദ പരാമര്‍ശം. ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ വികാസ് ട്വിറ്ററില്‍ പങ്കുവച്ചതിനു പിന്നാലെ നിരവധി പേര്‍ ഈ വിഷയം ഏറ്റെടുത്തു. #RejectZomato എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു.
ഇതോടെ സൊമാറ്റോ മാപ്പപേക്ഷയുമായി രംഗത്തെത്തി. 'വണക്കം വികാസ്. ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ മോശം പെരുമാറ്റത്തില്‍ ഞങ്ങള്‍ മാപ്പ് പറയുന്നു. വിഷയത്തില്‍ ഞങ്ങളുടെ വിശദീകരണം ഇതാണ്. അടുത്ത തവണ മികച്ച രീതിയില്‍ ഭക്ഷണമെത്തിക്കാനുള്ള അവസരം നിങ്ങള്‍ തരുമെന്ന് കരുതുന്നു. സൊമാറ്റോയെ ബഹിഷ്‌കരിക്കരുത്'- സൊമാറ്റോ കുറിച്ചു. ചാറ്റ് ചെയ്ത കസ്റ്റമര്‍ കെയര്‍ ജീവനക്കാരനെ പിരിച്ചുവിടുമെന്ന് വിശദീകരണക്കുറിപ്പില്‍ സൊമാറ്റോ വ്യക്തമാക്കി. സൊമാറ്റോ ആപ്പിന്റെ തമിഴ് പതിപ്പ് നിര്‍മാണത്തിലാണെന്നും ഉടന്‍ പുറത്തിറക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.