ഇന്ധനവില കുതിപ്പ് തുടരുന്നു; നികുതിയില്‍ തൊടാതെ സര്‍ക്കാര്‍
തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 35 പൈസ കൂട്ടി. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ദ്ധനയെ തുടര്‍ന്നുണ്ടായ പുതിയ വര്‍ദ്ധനവ് രാജ്യത്തുടനീളമുള്ള ഇന്ധനനിരക്കുകളെ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് എത്തിച്ചിരിക്കുന്നത്. എല്ലാ പ്രധാന നഗരങ്ങളിലും പെട്രോള്‍ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണെങ്കില്‍, ഒരു ഡസനിലധികം സംസ്ഥാനങ്ങളില്‍ ഡീസല്‍ ആ നിരക്കും മറികടന്നുകഴിഞ്ഞു. 2020 മെയ് 5 ന് എക്‌സൈസ് തീരുവ റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം പെട്രോള്‍ വിലയിലുണ്ടായ ആകെ വര്‍ധനവ് ലിറ്ററിന് 35.98 രൂപയാണ്. ഈ കാലയളവില്‍ ഡീസല്‍ വില ലിറ്ററിന് 26.58 രൂപ വര്‍ദ്ധിച്ചു. ഡല്‍ഹിയില്‍ പെട്രോളിന് ഇപ്പോള്‍ 107.24 രൂപയും ഡീസലിന് 95.97 രൂപയുമാണ. അന്താരാഷ്ട്ര എണ്ണവില ബാരലിന് 19 ഡോളറായി കുറയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന നേട്ടം വര്‍ധിപ്പിക്കാന്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. അന്താരാഷ്ട്ര വില 85 ഡോളറായി ഉയര്‍ന്നെങ്കിലും എക്‌സൈസ് തീരുവ പെട്രോളിന് ലിറ്ററിന് 32.9 രൂപയിലും ഡീസലിന് 31.8 രൂപയിലും തുടരുകയാണ്. പെട്രോള്‍ വിലയുടെ 54 ശതമാനവും ഡീസല്‍ വിലയുടെ 48 ശതമാനവും വരുന്ന നികുതികള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ച് ഉപഭോക്താക്കളുടെ ഭാരം ലഘൂകരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഭരണകൂടത്തില്‍ നിന്ന് ഉണ്ടാകുന്നുമില്ല