സ്വര്‍ണത്തെ ഉപേക്ഷിച്ച് യുവാക്കള്‍; നിക്ഷേപം ക്രിപ്‌റ്റോകറന്‍സിയില്‍
ഇന്ന് ആളുകള്‍ മികച്ച നിക്ഷേപമായി കരുതി വാങ്ങിവയ്ക്കുന്നത് സ്വര്‍ണമാണ്. എന്നാല്‍, യുവാക്കളില്‍ ഈ പ്രവണത കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിക്ഷേപകര്‍ വന്‍തോതില്‍ ക്രിപ്റ്റോകറന്‍സിയിലേയ്ക്ക് മാറുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണനിക്ഷേപമുള്ള രാജ്യമാണ് ഇന്ത്യ, ഏകദേശം 25,000ടണ്‍. എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞവര്‍ഷം 20 കോടി ഡോളറില്‍നിന്ന് ക്രിപ്റ്റോയിലെ നിക്ഷേപം 4000 കോടി ഡോളറായി ഉയര്‍ന്നുവെന്നുവെന്നാണ് കണക്കുകള്‍. ക്രിപ്റ്റോകറന്‍സികള്‍ക്കായി സോഫ്റ്റ്‌വെയര്‍ സേവനം ഉള്‍പ്പടെയുളളവ നല്‍കുന്ന സ്ഥാപനമായ ചെയിനലാസിസിന്റേതാണ് ഈ റിപ്പോര്‍ട്ട്.
ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം രാജ്യത്ത് 1.5 കോടിയിലേറെയാണ്. യുഎസില്‍ 2.3 കോടി പേരും യുകെയില്‍ 23 ലക്ഷംപേരുമാണ് ഡിജിറ്റല്‍ കറന്‍സികളില്‍ നിക്ഷേപം നടത്തുന്നത്. ക്രിപ്‌റ്റോകറന്‍സികളോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നതാകട്ടെ യുവാക്കളും. ക്രിപ്‌റ്റോകറന്‍സിയില്‍ റിസ്‌ക് ഫാക്ടര്‍ ഉണ്ടെങ്കിലും ആളുകള്‍ ഇതിലേക്ക് ആകൃഷ്ടരാകുന്നത് ഇതിന്റെ സമീപഭാവിയിലെ വന്‍വളര്‍ച്ച തന്നെയാണ് എടുത്തുകാട്ടുന്നത്.
ക്രിപ്റ്റോകറന്‍സികള്‍ അംഗീകരിക്കുന്നതിന് വിദൂരഭാവിയില്‍പോലും സാധ്യതകളില്ലാത്തതും കുറേ ആളുകളെയെങ്കിലും ഇതില്‍ നിന്ന് പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും തരത്തിലുള്ള നിരോധനം വന്നാല്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് ട്രേഡിങ്മാറ്റാനാണ് പലരും ലക്ഷ്യമിടുന്നത്. യുഎസ് പോലുള്ള കുറച്ചുരാജ്യങ്ങളില്‍ ഇത് നിയമവിധേയമാണ്. ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപം നടത്തുന്നതിന് മുന്‍പ് ഓരോ രാജ്യത്തെയും നിയമസാധുത പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.