പങ്കാളിയുമായി നന്നായി ആശയവിനിമയം നടത്തൂ..ആരോഗ്യത്തോടെയിരിക്കാം
ആശയവിനിമയം എന്നത് മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമോ അല്ലെങ്കില്‍ അവനെ മുന്നോട്ട് നയിക്കുന്ന ഘടകമോ ആണെന്ന് പറയാം. അത് മനുഷ്യന്റെ ജീവിതവുമായി ഇഴപിരിയാതെ നില്ക്കുന്ന ഒന്നാണ്. ആശയവിനിമയം നടത്താതെ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെ ഓരോ വ്യക്തിയും നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. ശ്വാസമെടുക്കുന്നതുപോലെ ബോധപൂര്‍വ്വമല്ലാതെ മനുഷ്യനുള്ളില്‍ നിരന്തരം ആശയവിനിമയം നടന്നുകൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും ആ ആശയവിനിമയത്തിന്റെ സ്വാധീനം പ്രകടമാകുകയും ചെയ്യുന്നു.ഇതില്‍ ഏറ്റവുമാദ്യം നല്ല ആശയവിനിമയം നടക്കേണ്ടത് സ്വന്തം വീട്ടിലാണ്.
മിക്ക സ്ത്രീകളും അമ്പതിന് മുകളിലെത്തുമ്പോള്‍ തന്നെ ശാരീരികവും മാനസികവുമായി വളരെയധികം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, മനസ്സില്‍ ആദ്യം വരുന്ന ചിത്രം ശാരീരിക ആരോഗ്യമാണ്:എന്നാല്‍ ആരോഗ്യമെന്നാല്‍ മാനസികാരോഗ്യം കൂടിയാണ്. ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യം പ്രധാനമാണ്. ആരോഗ്യമില്ലാത്ത മനസ്സ് അനാരോഗ്യകരമായ ശരീരത്തിലേക്ക് നയിക്കും. തിരിച്ചും അത് സംഭവിക്കും.
കരിയര്‍, ജോലി-ജീവിതം, കുടുംബം, പരിസ്ഥിതി എന്നിവയെല്ലാം മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. കുടുംബമാണ് ഇതില്‍ ഏറ്റവും പ്രധാനം. നല്ല പങ്കാളിക്ക് നിങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താനാകും. എന്നാല്‍ പൊരുത്തമില്ലാത്ത പങ്കാളി മനസ്സമാധാനത്തെ വഷളാക്കും. പങ്കാളിയുമായി നിങ്ങള്‍ പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍, മാനസികമായും വൈകാരികമായും ശാരീരികമായും പോലും നിങ്ങള്‍ക്ക് അവരുമായി സമാധാനം തോന്നുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക. ഉത്തരം എന്തായാലും അത് പങ്കാളിയുമായി ചര്‍ച്ച ചെയ്യുക. കാരണം അങ്ങനെ നടത്തുന്ന ആശയവിനിമയമാണ് ജീവിതത്തിലെ സമ്മര്‍ദ്ദവും സംശയങ്ങളുമെല്ലാം മാറ്റി ദമ്പതികളെ മുന്നോട്ട് നയിക്കുന്നത്.