Latest Updates


വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് രാജി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് കോലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. 

2014-ല്‍ എം.എസ് ധോണിയില്‍ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോലി ഈ വര്‍ഷം വരെ 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 എണ്ണത്തില്‍ ടീം ജയിക്കുകയും ചെയ്തു. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം. 

അതേസമയം കോലി നേരത്തെ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിരുന്നു. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ബിസിസിഐ കോലിയെ നീക്കിയിരുന്നു. കഴിവിന്റെ പരമാവധി ടീമിനായി പ്രയത്‌നിച്ചെന്ന് കോലി ട്വീറ്റ് ചെയ്തു. 

'ഏഴു വര്‍ഷത്തെ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് ടീമിനെ ശരിയായ ദിശയില്‍ കൊണ്ടുപോയത്. തികച്ചും സത്യസന്ധമായിട്ടാണ് ഞാന്‍ എന്റെ ജോലി ചെയ്തത്. ഒരു ഘട്ടത്തില്‍ എല്ലാം അവസാനിപ്പിച്ചേ തീരൂ, ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അതിനുള്ള സമയമെത്തിയിരിക്കുകയാണ്.' - കോലി കുറിച്ചു. 

എപ്പോഴും എല്ലാ കാര്യത്തിലും തന്റെ കഴിവിന്റെ 120 ശതമാനം നല്‍കമെന്ന് വിശ്വസിച്ചിരുന്നയാളാണ് താനെന്നും കോലി ചൂണ്ടിക്കാട്ടി. ഇത്രയും കാലം രാജ്യത്തെ നയിക്കാന്‍ എനിക്കു അവസരം നല്‍കിയതിനു ബിസിസിഐയോടു നന്ദി പറഞ്ഞ കോലി, ഒരു ഘട്ടത്തിലും തളരാതെ തനിക്കുണ്ടായിരുന്ന കാഴ്ചപ്പാടിനെ യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച എല്ലാ ടീമംഗങ്ങള്‍ക്കും നന്ദിയറിയിച്ചു. ഇതോടൊപ്പം മുന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കും മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്കും കോലി തന്റെ കുറിപ്പില്‍ നന്ദിയറിയിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice