ക്രീസിലെത്തി കോലിയെ ‘തൊട്ട്’ തിരിച്ചോടി ആരാധകൻ
ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 2–ാം ക്വാളിഫയർ മത്സരത്തിനിടെയും ഗുരുതര ‘സുരക്ഷാ വീഴ്ച’. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റിങ്ങിനിടെ സ്റ്റേഡിയത്തിലെ സുരക്ഷാ വലയങ്ങൾ ഭേദിച്ച് മൈതാനത്തേക്ക് ഓടിക്കയറിയ ആരാധകൻ, ബാംഗ്ലൂർ മുൻ നായകൻ വിരാട് കോലിയെ തൊട്ടതിനു ശേഷം തിരിച്ചോടി.
ഐപിഎൽ സീസണിൽ മൂന്നാം തവണയാണ് ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത്. ബാംഗ്ലൂർ ഇന്നിങ്സിലെ ആദ്യ ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ട്രെന്റ് ബോൾട്ടിന്റെ ആദ്യ പന്ത് കോലി ലീവ് ചെയ്തതിനു പിന്നാലെയാണ് സുരക്ഷാ വലയം ഭേദിച്ച് ഗ്രൗണ്ടിലേക്കു പ്രവേശിച്ച ആരാധകൻ ക്രീസ് വരെ ഓടിയെത്തിയത്. കോലിയുടെ തൊട്ടടുത്തുവരെ എത്തിയ ആരാധകൻ ഹസ്തദാനത്തിനായി കോലിക്കു നേരെ കൈ നീട്ടുകപോലും ചെയ്തു.
കോലിയുടെ പക്കൽനിന്ന് അനുകൂല പ്രതികരണം ലഭിക്കാതിരുന്നതോടെ കോലിയുടെ കൈയിൽ സ്വയം തൊട്ടതിനു ശേഷം ആരാധകൻ തിരിച്ചോടി. പിന്നാലെ സർക്കിളിനു സമീപത്തുവച്ചുതന്നെ ഇയാളെ പിടികൂടിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ സ്റ്റേഡിയത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു. പിച്ച് കയ്യേറ്റത്തിനു കൂടുതൽ പ്രചാരം ലഭിക്കും എന്നതിനാൽ, സാധാരണ ഇത്തരം സംഭവങ്ങൾ ടിവിയിലും മറ്റും പ്രക്ഷേപണം ചെയ്യാറില്ല.
പ്ലേ ഓഫ് ഘട്ടത്തിൽത്തന്നെ 2–ാം തവണയാണ് ആരാധകൻ പിച്ച് കയ്യടക്കുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ ലക്നൗ ബാറ്റിങ്ങിനിടെ ഗ്രൗണ്ടിൽ കടന്ന ആരാധകൻ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്തിരുന്ന വിരാട് കോലിക്കു നേരെ ഓടിയെത്താൻ ശ്രമിച്ചിരുന്നു. എന്നാൽ തക്കസമയത്ത് ഇടപെട്ട അധികൃതർ കോലിക്കു സമീപം എത്തുന്നതിനു മുൻപുതന്നെ ഇയാളെ നീക്കം ചെയ്തിരുന്നു.
സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച മൂലം ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ക്രിക്കറ്റ് അസോസിയേഷനുകൾക്കു മാത്രമല്ല, ഐപിഎൽ ഫ്രാഞ്ചൈസികള്‍ക്കും വലിയ തലവേദനയാണ്. സ്റ്റേഡിയത്തിലെത്തി കളി കാണുന്ന ആയിരക്കണക്കിന് ആരാധകരിൽ, ഒരാൾ വിചാരിച്ചാൽപ്പോലും താരങ്ങള്‍ മാസങ്ങളായി കാത്തുസൂക്ഷിക്കുന്ന ബയോ– ബബ്ൾ സുരക്ഷ ഭേദിക്കാം എന്ന സ്ഥിതി അധികൃതരും അതീവ ഗൗരവത്തോടെയാണു നോക്കിക്കാണുന്നത്.