Latest Updates

ഐപിഎല്ലിന്റെ കണ്ടെത്തലായ പേസര്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഉമ്രാന്‍ ആദ്യമായി ദേശീയ ടീം ജേഴ്‌സി അണിയുക. ഞായറാഴ്ച നടക്കുന്ന മത്സരത്തിനു മുമ്പായി ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ ഉമ്രാന് ടീം ക്യാപ്പ് സമ്മാനിച്ചു. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ഉമ്രാന്‍ തന്റെ വേഗമേറിയ പന്തുകള്‍ കൊണ്ട് ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കിയിരുന്നു.

തുടര്‍ച്ചയായി 140 കി. മീറ്ററിലേറെ വേഗത്തിലാണ് ഉമ്രാന്റെ പന്തുകള്‍ ബാറ്റര്‍ക്ക് നേരെയെത്തുന്നത്. പലപ്പോഴും പന്തുകള്‍ 150 കി.മീറ്ററിലധികം വേഗത കൈവരിക്കുന്നതും കാണാം. 2021 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 152.95 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ ആ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി. നെറ്റ് ബൗളറായി ഹൈദരാബാദിനൊപ്പം ചേര്‍ന്ന ഉമ്രാന്, പേസര്‍ ടി. നടരാജന് കോവിഡ് ബാധിച്ചതോടെ ടീമിലേക്ക് അപ്രതീക്ഷിതമായി വിളിയെത്തുകയായിരുന്നു. പിന്നാലെ 15-ാം സീസണില്‍ ഹൈദരാബാദിന്റെ പ്രധാന ബൗളര്‍മാരില്‍ ഒന്നായി. 2021 ജനുവരി 18-നാണ് മാലിക് ആദ്യമായി ജമ്മു കശ്മീരിനായി അരങ്ങേറ്റ മത്സരം കളിക്കുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കശ്മീരിനായി കളത്തിലിറങ്ങിയ താരം തന്റെ പന്തുകളുടെ വേഗം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. തൊട്ടടുത്ത മാസം തന്നെ ലിസ്റ്റ് എ ക്രിക്കറ്റിലും മാലിക്കിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചു. 2021 ഫെബ്രുവരി 27-ന് വിജയ് ഹസാരെ ട്രോഫിയില്‍ കശ്മീര്‍ ടീമിനായി മാലിക് കളത്തിലിറങ്ങി. ഈ ടൂര്‍ണമെന്റുകളിലെ പ്രകടനമാണ് താരത്തെ സണ്‍റൈസേഴ്സിന്റെ റഡാറിലെത്തിക്കുന്നത്. ആദ്യ മത്സരം കൊണ്ടു തന്നെ പ്രതിഭയുള്ള താരമാണെന്ന് തെളിയിക്കാനും എതിര്‍ ടീമിന്റെ തന്നെ പ്രശംസ നേടാനും ഉമ്രാന്‍ മാലിക്കിനായി.

Get Newsletter

Advertisement

PREVIOUS Choice