Latest Updates

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് വിരാട് കോലി പിന്മാറിയതിന് പിന്നാലെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയോ രോഹിത്തിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച കെ എല്‍ രാഹുലോ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അടുത്ത നായകനാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ നായക സഥാനത്തേക്ക് രാഹുലിനെയും രോഹിത്തിനെയും തള്ളിയ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നത് മറ്റൊരു യുവതാരത്തിന്റെ പേരാണ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഉജ്ജ്വല സെഞ്ചുറിയുമായി തിളങ്ങിയ 23കാരന്‍ റിഷഭ് പന്തിന്റെ പേരാണ് ഗവാസ്‌കര്‍ മുന്നോട്ടുവെക്കുന്നത്.

രോഹിത് ആണ് സ്വാഭാവികമായും കോലിയുടെ പിന്‍ഗാമിയാവേണ്ടതെങ്കിലും അദ്ദേഹത്തിന്റെ പ്രശ്‌നം ഫിറ്റ്‌നെസ് ഇല്ലാത്തതാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. എല്ലാ കളികളിലും കളിക്കാന്‍ കഴിയുന്ന ശാരീരികക്ഷമതയുള്ളൊരു കളിക്കാരനെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആവശ്യം. ശ്രീലങ്കന്‍ നായകനായിരുന്ന ഏയ്ഞ്ചലോ മാത്യൂസും രോഹിത്തിന്റേതുപോലെ പേശിവലിവിന്റെ പ്രശ്‌നമുള്ള കളിക്കാരനായിരുന്നു. അതിവേഗത്തില്‍ സിംഗിളെടുക്കാനായി ഓടുമ്പോള്‍ അതുകൊണ്ടുതന്നെ എളുപ്പം പരിക്കുപറ്റാം.

രോഹിത്തിന്റെ കാര്യത്തില്‍ അങ്ങനെ പലതവണ സംഭവിച്ചിട്ടുള്ളതിനാല്‍ മറ്റൊരാളെ ക്യാപ്റ്റനാക്കുന്നതാവും ഉചിതം. സ്ഥിരമായി പരിക്കുപറ്റാത്തൊരു കളിക്കാരനെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്നതാണ് നല്ലത്. രോഹിത്തിനാണെങ്കില്‍ പരിക്ക് തുടര്‍ച്ചയായി സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ എല്ലാ ഫോര്‍മാറ്റിലും ടീമിന്റെ നിര്‍ണായക താരമായൊരു കളിക്കാരനെ ക്യാപ്റ്റനാക്കുന്നതാണ് ഉചിതം. അങ്ങനെ നോക്കുമ്പോള്‍ അത് റിഷഭ് പന്താണെന്നും സ്‌പോര്‍ട് ടാക്കിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice