സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു ശ്രീശാന്ത്
ക്രിക്കറ്റില്‍ നിന്ന് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ദേശീയ ടീമംഗം എസ് ശ്രീശാന്ത്. ട്വിറ്ററിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.
സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. ഐപിഎല്‍ വാതുവയ്പ്പു വിവാദവുമായി ബന്ധപ്പെട്ട വിലക്കുകള്‍ക്കുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന് അധികം വൈകും മുന്‍പാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ച് ഞെട്ടിച്ചത്.
'അടുത്ത തലമുറയിലെ താരങ്ങള്‍ക്കായി ഞാന്‍ എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നു. ഈ തീരുമാനം എന്റേത് മാത്രമാണ്. ഇത് എനിക്ക് ഒട്ടും സന്തോഷം പകരുന്നില്ലെങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ കൈക്കൊള്ളാവുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെയാണ്. കരിയറിലെ ഓരോ നിമിഷവും എന്റെ മനസ്സിലുണ്ട്' ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ കേരള രഞ്ജി ട്രോഫി ടീമംഗമായ ശ്രീശാന്ത് രാജ്‌കോട്ടില്‍ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തില്‍ മേഘാലയയ്‌ക്കെതിരെ കളിച്ച് 2 വിക്കറ്റുകള്‍ വീഴ്ത്തി. പരുക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് ഉറപ്പു നല്‍കിയ താരം, തികച്ചും അപ്രതീക്ഷിതമായാണ് ഇന്ന് ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2007ലെ ട്വന്റി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. രാജ്യാന്തര തലത്തില്‍ 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ശ്രീശാന്ത്, ഇടക്കാലത്ത് ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങിയിരുന്നു. പിന്നീട് തിരുവനന്തപുരത്ത് ബി ജെ പിയുടെ സ്ഥാനാര്‍ഥിയുമായിരുന്നു ശ്രീശാന്ത്.