ഇന്ത്യയ്ക്കു തിരിച്ചടി; രവീന്ദ്ര ജഡേജയ്ക്കു പരുക്ക്, കെ.എൽ. രാഹുലിനു കോവിഡ്
ഇന്ത്യ– വെസ്റ്റിൻഡീസ് ഏകദിന പരമ്പര ഇന്നു തുടങ്ങാനിരിക്കെ ടീം ഇന്ത്യയ്ക്കു തിരിച്ചടിയായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പരുക്ക്. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ജഡേജയ്ക്കു പരമ്പര പൂർണമായും നഷ്ടമാകുമെന്നാണു റിപ്പോർട്ടുകൾ. വലതുകാൽമുട്ടിനാണ് ജഡേജയ്ക്കു പരുക്കേറ്റത്. പരുക്കു ഭേദമായാൽ ട്വന്റി20 പരമ്പരയിൽ താരം കളിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 22, 24, 27 തീയതികളിലാണ് ഏകദിന പരമ്പരയിലെ മത്സരങ്ങൾ നടക്കേണ്ടത്.
പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിലാണു മത്സരങ്ങൾ നടക്കുന്നത്. രവീന്ദ്ര ജഡേജയുടെ ആരോഗ്യ നില ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ശിഖർ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്. വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ പുറത്തായതിനാൽ പുതിയ വൈസ് ക്യാപ്റ്റനേയും പ്രഖ്യാപിച്ചേക്കും. യുസ്‍വേന്ദ്ര ചെഹൽ, ഷാർദൂൽ ഠാക്കൂർ എന്നിവരാണ് ഏകദിന ടീമിലെ പരിചയ സമ്പത്തുള്ള മറ്റു താരങ്ങൾ. ജൂലൈ 29നാണ് ട്വന്റി20 പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ കളിക്കേണ്ട കെ.എൽ. രാഹുലിന് കോവിഡ് സ്ഥിരീകരിച്ചു. രാഹുൽ കളിക്കാനിറങ്ങുമോയെന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു കെ.എൽ. രാഹുൽ.