മുംബൈ ഇന്ത്യൻസിന് തുടർച്ചയായ ആറാം തോൽവി
ഇന്ത്യന്‍ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ ആറാം തോൽവി. ലക്നൗ സൂപ്പര്‍ ജയന്റ്സ് 18 റൺസ് വിജയമാണ് മുംബൈയ്ക്കെതിരെ സ്വന്തമാക്കിയത്. ലക്നൗ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രോഹിതിനും സംഘത്തിനും നേടാനായത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ്. പോയിന്റൊന്നുമില്ലാത്ത മുംബൈ പട്ടികയിലെ അവസാന സ്ഥാനക്കാരാണ്.
മറുപടി ബാറ്റിങ്ങിൽ മോശം തുടക്കമാണ് മുംബൈയ്ക്കു ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശർമയെ മൂന്നാം ഓവറിൽ നഷ്ടമായി. ആറു റൺസ് മാത്രമെടുത്ത രോഹിത് ആവേശ് ഖാന്റെ പന്തിലാണു പുറത്തായത്. മുംബൈ സ്കോർ 50 കടന്നതിനു പിന്നാലെ ഡെവാൾഡ് ബ്രെവിസിനെ (13 പന്തിൽ 31) പുറത്താക്കി ആവേശ് രണ്ടാം വിക്കറ്റ് സ്വന്തമാക്കി. തൊട്ടുപിന്നാലെ ഇഷാൻ കിഷനും മടങ്ങി. 13 റൺസെടുത്ത ഇഷാനെ മാർകസ് സ്റ്റോയ്നിസ് ബോൾഡാക്കുകയായിരുന്നു. മധ്യനിര താരങ്ങള്‍ പിടിച്ചു നിന്നെങ്കിലും കളി ജയിക്കാൻ അതൊന്നും മതിയായിരുന്നില്ല. സൂര്യകുമാർ യാദവ് 27 പന്തുകളിൽ നിന്ന് 37 റൺസും തിലക് വർമ 26 പന്തുകളിൽനിന്ന് 26 റൺസും നേടി പുറത്തായി.
വാലറ്റത്തെ കൂട്ടുപിടിച്ച് പൊള്ളാർഡ് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും മുംബൈയുടെ പോരാട്ടം 181 റൺസിൽ അവസാനിച്ചു. കീറൺ പൊള്ളാർഡ് (11 പന്തിൽ 25), ജയ്ദേവ് ഉനദ്ഘട്ട് (ആറ് പന്തിൽ 14), മുരുകൻ അശ്വിൻ (രണ്ട് പന്തിൽ ആറ്) എന്നിങ്ങനെയാണു പുറത്തായ മറ്റ് മുംബൈ താരങ്ങളുടെ സ്കോറുകൾ. ലക്നൗവിനായി ആവേശ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീര, രവി ബിഷ്ണോയി, സ്റ്റോയ്നിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നാലാം ജയത്തോടെ എട്ട് പോയിന്റുമായി ലക്നൗ പട്ടികയിൽ രണ്ടാമതെത്തി.