ഡൽഹിയെ തകർച്ചയിൽനിന്ന് കരകയറ്റി മിച്ചെൽ മാർഷ്
ഐപിഎല്ലിൽ പഞ്ചാബ് ബൗളർമാർക്കെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റർമാർ പതറി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റണ്ണാണ് നേടിയത്. 48 പന്തിൽ 63 റണ്ണെടുത്ത മിച്ചെൽ മാർഷാണ് ഡൽഹിയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. പഞ്ചാബിനായി ലിയാം ലിവിങ്സ്റ്റണും അർഷ്ദീപ് സിങ്ങും മൂന്നുവീതം വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഡൽഹിക്ക് തുടക്കം പാളി. നേരിട്ട ആദ്യപന്തിൽ ഡേവിഡ് വാർണർ പുറത്തായി. ലിവിങ്സ്റ്റണിലൂടെ ബൗളിങ് ആരംഭിച്ച പഞ്ചാബിന് അത് മിന്നുംതുടക്കമായി.രണ്ടാം വിക്കറ്റിൽ മാർഷും സർഫ്രാസ് ഖാനും ചേർന്ന് ഡൽഹിയെ കരകയറ്റി.
16 പന്തിൽ 32 റണ്ണുമായി തകർത്തുകളിച്ച സർഫ്രാസിനെ മടക്കി അർഷ്ദീപ് പഞ്ചാബിനെ തിരികെയെത്തിച്ചു. മാർഷ് മൂന്നാം വിക്കറ്റിൽ ലളിത് യാദവുമായി ചേർന്ന് ഡൽഹിയെ നയിക്കാൻ തുടങ്ങി. ഈ സഖ്യം മുന്നേറവെ അർഷ്ദീപ് വീണ്ടുമെത്തി. ലളിത് യാദവിനെ മടക്കി. ക്യാപ്റ്റൻ ഋഷഭ് പന്ത് (3 പന്തിൽ 7) വേഗത്തിൽ മടങ്ങിയത് ഡൽഹിക്ക് വലിയ ക്ഷീണമായി. ലിവിങ്സ്റ്റണിനെ സിക്സർ പറത്താനുള്ള ശ്രമം ജിതേഷ് ശർമയുടെ സ്റ്റമ്പിങ്ങിൽ ഒതുങ്ങി. സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ മാർഷും മടങ്ങിയതോടെ ഡൽഹി തളർന്നു. നാലോവറിൽ 27 റൺമാത്രം വഴങ്ങിയാണ് ലിവിങ്സ്റ്റൺ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.