Latest Updates

ഗാർഹിക പീഡനം സംബന്ധിച്ചു മുൻ ഓസീസ് ക്രിക്കറ്റ് താരം മൈക്കൽ സ്ലേറ്ററിനെതിരെ ഭാര്യ സമർപിച്ച പരാതി കോടതി തള്ളി. സ്ലേറ്ററുടെ മാനസികാരോഗ്യനില കണക്കിലെടുത്താണു കേസ് തള്ളിയതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ അൻപത്തിരണ്ടുകാരനായ സ്ലേറ്ററെ പൊലീസ് കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു.

ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു ശേഷം കമന്ററിയിൽ സജീവമായിരുന്നു സ്ലേറ്റർ. കേസിൽ സ്ലേറ്റർക്കു തടവുശിക്ഷ നിഷേധിച്ച മജിസ്ട്രേറ്റ്, താരത്തെ 3 മാസത്തേക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയയ്ക്കാൻ ഉത്തരവിട്ടതായി എബിസി (ഓസ്ട്രേലിയൻ  ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) അറിയിച്ചു. പൊലീസ് ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കാത്തതുകൊണ്ട് സ്ലേറ്റർ കോടതിയിൽ ഹാജരായില്ലെന്നും ചൊവ്വാഴ്ചതന്നെ അദ്ദേഹത്തെ സിഡ്നിയിലെ ആശുപത്രിയിലെ മാനസിക ചികിത്സാ യൂണിറ്റിലേക്കു മാറ്റിയതായുമാണു റിപ്പോർട്ട്.

അദ്ദേഹം വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങിളിലായി നൂറിൽ അധികം ദിവസം കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 1993–2001 കാലയളവിൽ ഓസീസിനായി 74 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണു സ്ലേറ്റർ. പിന്നീട് ക്രിക്കറ്റ് കമന്റേറ്ററായി. എന്നാൽ ഓസീസ് പ്രധാനമന്ത്രി സ്കോട്ട് മോറിസനുമായുള്ള വാഗ്വാദത്തിനു പിന്നാലെ കഴിഞ്ഞ വർഷം സെവെൻ നെറ്റ്‌വർക്ക് അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

Get Newsletter

Advertisement

PREVIOUS Choice