Latest Updates

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആവേശകരമായ കളികള്‍ നടന്നുകൊണ്ട് ക്രിക്കറ്റ് പ്രേമികള്‍ വളരെ സജീവമായിരുന്ന ഒരു ദിവസമാണ്  നിരാശാജനകമായ ഒരു വാര്‍ത്തയാല്‍ പെട്ടെന്ന് നിശ്ചലമായത്.  സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത് ക്രിക്കറ്റ് ലോകത്തിന് അവിശ്വസനീയമായ വാര്‍ത്തയായിരുന്നു.

ദ സിഡ്നി മോണിംഗ് ഹെറാള്‍ഡ് നടത്തിയ റിപ്പോര്‍ട്ട് അനുസരിച്ച്, തായ്ലന്‍ഡിലെ ഒരു ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുന്നതിന് മുമ്പ് വോണ്‍ ടെലിവിഷനില്‍ ഓസ്ട്രേലിയ പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് കാണുകയായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായി സംശയം തോന്നിയ ബിസിനസ് മാനേജര്‍  ഏകദേശം 10 മിനിറ്റ് സിപിആര്‍ നടത്തിയിരുന്നു. 

ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ മദ്യപിച്ചിരുന്നില്ലെന്നും അത്താഴത്തിന് ആന്‍ഡ്രൂ നിയോഫിറ്റൂ എന്ന സുഹൃത്തിനെ കാണാന്‍ പോകാനിരിക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ മാനേജര്‍ മോണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു. വോണ്‍ തായ്ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു, കോ സാമുയി റിസോര്‍ട്ടിലെ അദ്ദേഹത്തിന്റെ താമസം ഒരു നീണ്ട അവധിക്കാലത്തിന്റെ ഭാഗമായിരുന്നു. വോണ്‍ എപ്പോഴും കൃത്യസമയം പാലിക്കുന്ന വ്യക്തിയായിരുന്നു. 'വൈകിട്ട്  ചിലരെ കാണാന്‍ ഉദ്ദേശിച്ചിരുന്നെന്നും  വോണിന്റെ ദീര്‍ഘകാല മാനേജര്‍ ജെയിംസ് എര്‍സ്‌കിന്‍ പറഞ്ഞു.

വോണിന് അവശത അനുഭവപ്പെട്ട് 20 മിനിറ്റിന് ശേഷമാണ് ആംബുലന്‍സ്  വന്നത്. അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ മരണം സംഭവിച്ചു. ഏകദേശം രണ്ട് മണിക്കൂര്‍ മുമ്പാണ് താന്‍ വോണിനെ അവസാനമായി കണ്ടതെന്നും  എര്‍സ്‌കിന്‍ പറഞ്ഞു. വോണ്‍  മദ്യപിച്ചിരുന്നില്ലെന്നും ശരീരഭാരം കുറയ്ക്കാന്‍  ഡയറ്റിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  എല്ലാവരും വിചാരിക്കുന്നത് അദ്ദേഹം വലിയ മദ്യപാനിയാണെന്നും എന്നാല്‍ അങ്ങനയെല്ല താന്‍ നല്‍കിയ വിശേഷപ്പെട്ട വൈന്‍ 10 വര്‍ഷത്തിന് ശേഷവും അവിടെയുണ്ടെന്നും എര്‍സ്‌കിന്‍ പറയുന്നു. 

തനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലായിരുന്നു വോണിന് താത്പര്യം.ഗോള്‍ഫ് കളിക്കുക, കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു ഇഷ്ടമെന്നും മാനേജര്‍ വ്യക്തമാക്കി. വോണിന്റെ മക്കളായ ബ്രൂക്ക്, സമ്മര്‍, ജാക്സണ്‍ എന്നിവര്‍ അച്ഛന്റെ വിയോഗ വാര്‍ത്തയില്‍ തകര്‍ന്നുവെന്നും വോണിന്റെ മാനേജര്‍ പറഞ്ഞു. 

Get Newsletter

Advertisement

PREVIOUS Choice